ഗുജറാത്തിലെ അമ്രേലിയിൽ വീടിനകത്ത് സിംഹം. അടുക്കളയിലാണ് സിംഹത്തിനെ കണ്ടത്. നാട്ടുകാർ പിന്നീട് ഓടിച്ചുവിട്ടു. രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു. ഇതോടെ താമസക്കാർ പരിഭ്രാന്തരായി. തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തി ലൈറ്റുകളും ശബ്ദങ്ങളും ഉപയോഗിച്ച് സിംഹത്തെ ഓടിച്ചു.
കോവയ ഗ്രാമത്തിൽ മുലുഭായ് റാംഭായ് ലഖന്നോത്രയുടെ കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് മേൽക്കൂരയുടെ വിടവിലൂടെ ഒരു സിംഹം അവരുടെ വീട്ടിൽ കയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്തിലെ അമ്രേലി ജില്ലയിൽ നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചുമരിനു മുകളിൽ ഇരിക്കുന്ന ഒരു സിംഹം അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുന്നത് വിഡിയോയിൽ കാണാം. ഏകദേശം രണ്ട് മണിക്കൂറിനുശേഷം സിംഹത്തെ തുരത്തി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.