ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റൻ്റ് ഫ്രണ്ട്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. മരിച്ചവരിൽ ഒരാൾ കർണാടക സ്വദേശിയാണ്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം.
ബൈസരന്‍ പര്‍വതത്തിന് മുകളിലെ പുൽത്തകിടി ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായത്. നടന്നോ കുതരിപ്പുറത്തോ മാത്രമേ ഈ ഭാഗത്തേക്ക് എത്താനാകൂ. കാടുകൾക്കും കണ്ണാടി പോലുള്ള വെള്ളം നിറഞ്ഞ തടാകങ്ങൾക്കും പുൽത്തകിടികൾക്കും പേരുകേട്ട പ്രമുഖ വിനോദസഞ്ചാര പ്രദേശമാണ് പഹൽഗാം.
5 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.