പഹൽഗാം ആക്രമണം; കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാൻ നിർദേശം

പഹൽഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാൻ നിർദേശം കൈമാറി. പാക് പൗരന്മാർ മടങ്ങണമെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെയാണ് നടപടി. കേരളത്തിലുള്ള 102 പാക്കിസ്താൻ സ്വദേശികളും ഈ മാസം 29നുള്ളിൽ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറി. വിദ്യാർത്ഥി വീസയും മെഡിക്കൽ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത്. 71 പേരാണ് നിലവയിൽ ജില്ലയിലുള്ളത്.അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ
രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തിൽ എത്തിയത്. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി