വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ചപ്പാരപ്പടവ്, മുഴപ്പിലങ്ങാട്, കതിരൂര്‍ ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് കൂടി അംഗീകാരം ലഭിച്ചതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് അറിയിച്ചു. പെരളശ്ശേരി, മുഴക്കുന്ന്, ഇരിക്കൂര്‍, കുറ്റിയാട്ടൂര്‍, മുണ്ടേരി, പാപ്പിനിശ്ശേരി, രാമന്തളി, ചിറക്കല്‍, കടമ്പൂര്‍, പാട്യം, ഉളിക്കല്‍, വേങ്ങാട്, അയ്യന്‍കുന്ന്, ധര്‍മ്മടം, പായം, അഞ്ചരക്കണ്ടി, എരഞ്ഞോളി, തൃപ്രങ്ങോട്ടൂര്‍, കൂടാളി, കൊളച്ചേരി, ആറളം, പയ്യാവൂര്‍, കണ്ണപുരം, കടന്നപ്പള്ളി പാണപ്പുഴ, ചിറ്റാരിപ്പറമ്പ്, ചെമ്പിലോട്, കുറുമാത്തൂര്‍, മാട്ടൂല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും തളിപ്പറമ്പ്, പാനൂര്‍, ഇരിട്ടി, കൂത്തുപറമ്പ എന്നീ നഗരസഭകളുടെയും 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ഏപ്രില്‍ 23 ന് അംഗീകാരം നല്‍കിയിരുന്നു. മഴക്കാല പൂര്‍വ ശുചിത്വം – മുന്നൊരുക്കം എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ.സി സച്ചിന്‍ ക്ലാസ്സെടുത്തു. ജില്ലയിലെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. മെയ് അവസാന വാരത്തോടെ കണ്ണൂര്‍ ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ഡിപിസി ചെയര്‍പേഴ്സണ്‍ അഡ്വ കെ.കെ രത്നകുമാരി അധ്യക്ഷയായി. ഡി പി സി അംഗങ്ങളായ അഡ്വ ബിനോയ് കുര്യന്‍, അഡ്വ.ടി.സരള, ശ്രീമതി വി. ഗീത, കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍, ഡി പി സി മെമ്പര്‍ സെക്രട്ടറിയും ജില്ലാ കളക്ടറുമായ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഡി പി സി സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ലിസി ജോസഫ്, ഇ വിജയന്‍ മാസ്റ്റര്‍, ടി ഒ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതിര്‍ത്തി ഗ്രാമങ്ങളെ അടുത്തറിയാം വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ മേരാ യുവ ഭാരത് വഴി ലേഹ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ പത്ത് ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു. യുവജനകാര്യം, ഗ്രാമ വികസനം, സാംസ്‌കാരിക വിനിമയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള, ശാരീരിക ക്ഷമതയുള്ള 21 നും 29 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. നെഹ്‌റു യുവ കേന്ദ്ര, എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ക്ക് മേരാ യുവ ഭാരത് പോര്‍ട്ടലില്‍ മെയ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. മെയ് 15 മുതല്‍ മെയ് 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്ന് പത്ത് പേര്‍ക്കുമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരുമായോ ബന്ധപ്പെടാം. ഫോണ്‍ :94477522334

കേരള സംസ്ഥാന ഖാദി ബോര്‍ഡില്‍ അവസരം

ഫാഷന്‍ രംഗത്തെ നൂതനവും യൂത്ത് ട്രെന്‍ഡ് ഉള്‍ക്കൊള്ളുന്നതുമായ ഖാദി വൈബ്‌സ് ആന്‍ഡ് ട്രെന്‍ഡ്‌സ് ന്റെ ഡിജിറ്റല്‍ പബ്ലിസിറ്റിയുടെ ഭാഗമായി മൊബൈല്‍ വഴി സോഷ്യല്‍ കൊമേഴ്‌സ് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവജനങ്ങള്‍ക്ക് അവസരം. സ്വയം തൊഴിലവസരമായാണ് യുവതി യുവാക്കളെ തിരഞ്ഞെടുക്കുന്നത്. ഫീല്‍ഡ് വര്‍ക്ക് ഇല്ല. മൊബൈല്‍ വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിപ്പിച്ചു തരും. ഡിജിറ്റല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടെന്റുമാര്‍, ഡിജിറ്റല്‍ മാനേജ്‌മെന്റ് സിലേഴ്‌സ് എന്ന സ്വയംതൊഴില്‍ അവസരമാണ് ഒരുക്കുന്നത്. പഠിക്കുന്നവര്‍ക്കും നിലവില്‍ ജോലിയുള്ളവര്‍ക്കും പാര്‍ട് ടൈമായും അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലയ്ക്ക് പുറമേയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ രണ്ട് മണിക്കൂര്‍ സൂം വഴിയും, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് കണ്ണൂര്‍ ഖാദി ഭവനില്‍ ഏകദിന പരിശീലനവും നല്‍കും. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ തൊഴില്‍ അവസരം ഒരുക്കുകയാണ് കേരള സംസ്ഥാന ഖാദി ബോര്‍ഡ്. 20 – 40 നു ഇടയില്‍ പ്രായമുള്ള പ്ലസ് ടു കഴിഞ്ഞ എല്ലാ ജില്ലകളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് കേരള സംസ്ഥാന ഖാദി ബോര്‍ഡിന്റെ കണ്ണൂരിലെ പയ്യന്നൂര്‍ ഗാന്ധി സെന്ററിലേക്ക് ഏപ്രില്‍ 30നകം അപേക്ഷിക്കാം. ഇമെയില്‍ : dpkc@kkvib.org, വാട്ട്‌സ്ആപ്പ് നമ്പര്‍ : 9496661527, 9526127474

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഇന്റസ്ട്രിയല്‍ ട്രെയിനിങ്ങ് കണ്‍സള്‍ട്ടന്‍സി ആന്റ് സ്പോണ്‍സേര്‍ഡ് റിസേര്‍ച്ചില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ടാലി അറിയുന്ന ബി.കോം ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 30 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. വെബ്സൈറ്റ് : www.gcek.ac.in ഫോണ്‍: 04972780226.

രജിസ്ട്രേഷന്‍ ക്യാമ്പ് 28 ന്

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്റ് ബ്യൂറോയില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകള്‍ ലഭ്യമാക്കുന്ന വണ്‍ ടൈം രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പാസ്പോര്‍ട് സൈസ് ഫോട്ടോ, 250 രൂപ എന്നിവ സഹിതം പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്റ് ബ്യൂറോയില്‍ ഏപ്രില്‍ 28 തിങ്കളാഴ്ച രാവിലെ 10 ന് എത്തണം. ഫോണ്‍: 0497 – 2707610, 6282942066

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്സ് കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, വിഎച്ച്എസ് സി, ഡിഗ്രി, ഡിപ്ലോമ, ബിടെക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705

അപേക്ഷ ക്ഷണിച്ചു

സി ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് മെയ് 20 വരെ അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒബിസി, എസ്ഇബിസി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. സി ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടക്കുക. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി ആപ്റ്റ് സബ് സെന്റര്‍, ബൈരായിക്കുളം എല്‍പി സ്‌ക്കൂള്‍ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് – 673004 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0495 2723666, 0495 2356591, 9496882366 ഇ മെയില്‍- kozhikode@captkerala.com

ലൈസൻസ് മരവിപ്പിച്ചു

ഏപ്രിൽ 21 ന് കണ്ണൂർ പൊടിക്കുണ്ടിൽ അപകടകരമായ രീതിയിൽ ബസ്സോടിച്ച് ലോറിയുമായി അപകടമുണ്ടാക്കി ലോറി ഡ്രൈവറുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ബസ് ഡ്രൈവർ വി. കെ. റിബിന്റെ ലൈസൻസ് ആറ് മാസത്തേക്ക് മരവിപ്പിച്ചതായും ഐഡിടിആർ പരിശീലനത്തിനായി നിർദേശിക്കുകയും ചെയ്തതായി ആർടിഒ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

തളിപ്പറമ്പ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ അഡീഷണൽ ഗവ. പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വർഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 12 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് എത്തിക്കണം. ഫോൺ: 0497 2700645

യുജിസി നെറ്റ് പരീക്ഷാ പരിശീലനം

മാനവിക വിഷയങ്ങളിൽ യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിനായി മെയ് മാസത്തിൽ ആരംഭിക്കുന്ന 12 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് അവസരം. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ ഏപ്രിൽ 30 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 04972703130

രജിസ്‌ട്രേഷൻ ആരംഭിച്ചു

കിലെ ഐ.എ.എസ് അക്കാദമിയുടെ 2025-26 വർഷത്തെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന്റെ ക്ലാസ്സുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ മക്കൾക്ക് ഫീസിൽ 50 ശതമാനം സബ്സിഡി ലഭിക്കും. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് പദ്ധതിയിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ അംഗത്വമുള്ള, കൃത്യമായി അംശാദായം അടക്കുന്ന അംഗങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇ മെയിൽ: www.kile.kerala.gov.in, kileiasacademy ഫോൺ: 0471-2479966, 8075768537

ഇലക്ട്രിക്കൽ സൂപ്പർവൈസർ നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി /ഡിപ്ലോമ, മോട്ടോർ വെഹിക്കിൾ ലൈസൻസ്, രണ്ട് വർഷ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം എന്നിവയുടെ അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി രേഖ സഹിതം ഏപ്രിൽ 29 രാവിലെ 10.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് (ഇന്റേൺഷിപ്പോടുകൂടി) റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994926081

സൗജന്യ ചികിത്സ

കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗത്തിന് കീഴിൽ അലർജി മൂലം കണ്ണിനുണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, ഇടയ്ക്കിടയ്ക്ക് വെള്ളം വരിക, കൺപോളകൾക്കുണ്ടാകുന്ന വീക്കം എന്നീ ലക്ഷണങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന വരെ ഒപി പരിശോധന ഉണ്ടാകും. പത്തിനും 35 നും ഇടയിൽ പ്രായമുള്ളവർക്കാണ് ചികിത്സ.

തെങ്ങിൻ തൈ വിതരണം

പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സങ്കരയിനം തെങ്ങിൻ തൈകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെ വിതരണം ചെയ്യും. ആവശ്യമുള്ളവർ റേഷൻ കാർഡിന്റെ പകർപ്പ് സഹിതം കേന്ദ്രത്തിൽ എത്തണം. ഒരു തെങ്ങിൻ തൈയുടെ വില 325 രൂപ. ഫോൺ: 04672260632, 8547891632.

ലേലം

കണ്ണൂർ കുടുംബകോടതിയുടെ വാറണ്ടുപ്രകാരം ചെങ്ങളായി വില്ലേജ്, വളക്കെ ദേശത്ത് റീ സർവെ നമ്പർ 11/271 ൽപ്പെട്ട 0.0161 ഹെക്ടർ വസ്തു ജൂൺ അഞ്ചിന് രാവിലെ 11.30 ന് ചെങ്ങളായി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ചെങ്ങളായി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും