യാത്രാ മൊഴി ചൊല്ലി ലോകം: ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് സെന്റ് മേരി ബസിലിക്കയില്‍ നിത്യവിശ്രമം

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേര്‍സ് ബസിലിക്കയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേര്‍സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വിലാപയാത്രയായി ഭൗതിക ശരീരം സെന്റ് മേരി ബസിലിക്കയില്‍ എത്തിച്ചു. മാര്‍പാപ്പയെ അവസാനമായി കാണാന്‍ വഴികള്‍ക്കിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

ലക്ഷക്കണക്കിന് പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി.

കർദിനാൾ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാർത്ഥനാച്ചടങ്ങ്. വചന സന്ദേശത്തിൽ മാർപാപ്പയെ അനുസ്മരിച്ച് കർദിനാൾ ബാറ്റിസ്റ്റ ലോക സമാധാനത്തിന് ആഹ്വാനം ചെയ്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരായി.

പ്രത്യേക താളത്തിൽ പള്ളി മണികൾ മുഴങ്ങി. ശേഷം പ്രിയപ്പെട്ട സെന്റ് പീറ്റേഴ്സ് ബസിലിക്കയോട് വിടചൊല്ലി വിലാപയാത്രയായി നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേജർ ബസിലിക്കയിലേക്ക്. കൊളോസിയം വഴി പോപ്പ്മൊബൈൽ വാഹനത്തിൽ അന്ത്യയാത്ര. ലോകനേതാക്കൾ അനുഗമിച്ചു. തങ്ങളുടെ പ്രിയപ്പെട്ട പാപ്പയെ അവസാനമായി കാണാൻ വത്തിക്കാന്റെ തെരുവീഥികളിൽ ജനപ്രവാഹം എത്തി.

ഏറെ പ്രിയപ്പെട്ട സാന്ത മരിയ മജോറെയിലേക്ക് 50 പേർ മാത്രം പങ്കെടുത്ത അന്ത്യവിശ്രമച്ചടങ്ങ്. കർദിനാൾ കെവിൻ ഫാരലിന്റെ കാർമികത്വത്തിൽ ചടങ്ങുകൾ. 3 പെട്ടികളിൽ മാർപാപ്പമാരെ സംസ്കരിക്കുന്ന പതിവുരീതിയിൽ നിന്ന് വിഭിന്നമായിരുന്നു പാപ്പയുടെ കബറടക്കം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും