സ്മൃതിയുണര്‍ത്തി മ്യൂസിയങ്ങള്‍; ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കണ്ണൂര്‍ ജില്ലയിലെ മ്യൂസിയങ്ങളെക്കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററി ‘സ്മൃതിയുണര്‍ത്തി മ്യൂസിയങ്ങള്‍’ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന വേദിയിലായിരുന്നു പ്രകാശനം.
കണ്ണൂര്‍ കൈത്തറി മ്യൂസിയം, പയ്യന്നൂര്‍ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ പുരാരേഖ മ്യൂസിയം, കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയം, കടന്നപ്പള്ളി തെയ്യം മ്യൂസിയം തുടങ്ങിയ മ്യൂസിയങ്ങളെക്കുറിച്ചാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. മ്യൂസിയങ്ങള്‍ ഇല്ലാതിരുന്ന കണ്ണൂരില്‍ നിലവില്‍ ഏഴ് മ്യൂസിയങ്ങളുണ്ട്. കണ്ണൂരില്‍ കൈത്തറി മ്യൂസിയം, പയ്യന്നൂരില്‍ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ പുരാരേഖാ മ്യൂസിയം, കണ്ടോന്താറില്‍ പ്രാദേശിക ചരിത്ര മ്യൂസിയം എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. പെരളശ്ശേരിയിലെ എകെജി സ്മൃതി മ്യൂസിയം, കടന്നപ്പള്ളിയിലെ തെയ്യം മ്യൂസിയം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വെള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം എന്നിവ നിര്‍മ്മാണത്തിലാണ്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേള മെയ് 14ഷ ന് അവസാനിക്കും.

ഉദ്ഘാടന വേദിയില്‍ ആംഗ്യഭാഷ തര്‍ജ്ജമ

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ആംഗ്യഭാഷ തര്‍ജ്ജമ ശ്രദ്ധേയമായി. രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ എന്നിവരുടെ പ്രസംഗം എല്ലാവരും ഉള്‍ക്കൊള്ളുന്നതിന് തലശ്ശേരി സ്വദേശിയായ ഒ.എം ദീപ്തിയാണ്  ആംഗ്യഭാഷ തര്‍ജ്ജമ അവതരിപ്പിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പീച്ച് ആന്‍ഡ് ഹിയറിങ് കോളേജില്‍ നിന്നും സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രറ്റര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ദീപ്തി രണ്ടു വര്‍ഷമായി ഈ രംഗത്ത് സജീവമാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും