നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ, കൊല്ലപ്പെട്ട ഐവിന്‍ ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ പരുക്കാണ് ഐവിന്‍റെ മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക കണ്ടെത്തലായി രേഖപ്പെടുത്തിയിരിക്കുന്നത്. തല മതിലിലോ മറ്റോ ഇടിച്ചതായാണ് സംശയം. ശരീരത്തിൽ മറ്റു പരിക്കുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
ബുധനാഴ്ച രാത്രി 10 മണിയോടെ നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്വകാര്യ എയർലൈൻ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ ഐവിൻ ജിജോ ജോലി കഴിഞ്ഞ് കാറിൽ മടങ്ങവെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുമായി ഉരസി. ഇതേച്ചൊല്ലി വാക്കു തർക്കമുണ്ടായതിനു പിന്നാലെ ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് ബോണറ്റിലിട്ട് ഒരു കിലോമീറ്റർ സഞ്ചരിക്കുകയും പിന്നീട് നായത്തോടിനു സമീപം സഡൻ ബ്രേക്കിട്ട് താഴേക്കിടുകയുമായിരുന്നുവെന്ന് എഫ് ഐ ആറിൽ പറയുന്നു.
കേസിൽ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ, ഇന്നലെ തന്നെ തെളിവുകൾ ശേഖരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി എസ്പി എം ഹേമലത പറഞ്ഞു. ഇരുകൂട്ടർക്കും ഇടയിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഐവിന്റെ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിശദമായി പരിശോധിക്കുമെന്നും എസ്പി പറഞ്ഞു.