ഇന്ത്യ – പാക് സംഘർഷത്തിന് പിന്നാലെ പാകിസ്ഥാൻ കരസേന മേധാവിക്ക് സ്ഥാനക്കയറ്റം. ജനറൽ അസീം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി. സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക റാങ്ക് ആണ് ഫീൽഡ് മാർഷൽ പദവി. ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ സായുധസേനയെ വിജയകരമായി നയിച്ചതിനാണ് സ്ഥാനക്കയറ്റം എന്നാണ് റിപ്പോർട്ട്.
അതേസമയം ഇന്ത്യ – പാക് സംഘർഷങ്ങൾക്ക് പിന്നാലെ അടാരി വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിച്ചു. 12 ദിവസങ്ങൾക്ക് ശേഷമാണ് അതിർത്തിയിൽ ബീറ്റിംഗ് റിട്രീറ്റ് നടക്കുന്നത്. ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 9-നാണ് വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ബിഎസ്എഫ് നിർത്തിവച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിർത്തിയിൽ സമാധാനം തുടരുന്ന സാഹചര്യത്തിലാണ് ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങിയത്. പക്ഷേ, ഗേറ്റുകൾ അടച്ചിട്ട നിലയിലായിരിക്കുമെന്ന് മാത്രം. നാളെ മുതൽ പൊതുജനങ്ങൾക്കും ബീറ്റിംഗ് ദ റിട്രീറ്റ് കാണാനെത്താം.