നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചപ്പോള്‍ പി വി അന്‍വറിന് നീരസം വന്നു എന്നത് ശരിയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അത് സ്വാഭാവികമാണ്. ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന് പോറലേല്‍പ്പിക്കില്ല. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വിശദമായി സംസാരിച്ചിരുന്നുവെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മലപ്പുറം ജില്ലയില്‍ പുതിയൊരു മാനം സൃഷ്ടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ അത് എവിടെയാണെങ്കിലും ഉണ്ടാകും. എന്നാല്‍ ഒരു തീരുമാനമേ നടപ്പിലാക്കാന്‍ കഴിയൂ. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫില്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അന്‍വറിന്റെ താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കും. അന്‍വറിനെ ഒപ്പം കൂട്ടുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ മത്സരിക്കുന്ന കാര്യത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതേപ്പറ്റി തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. മത്സരിച്ചാല്‍ അപ്പോള്‍ നോക്കാം. അന്‍വര്‍ മത്സരിച്ചാല്‍ യുഡിഎഫിലെ ബാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.