തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപാളയത്തെ വെട്ടിലാക്കി നിലമ്പൂര്‍ നഗരസഭ ഇടത് കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജെഡിഎസ് ദേശീയ കൗണ്‍സില്‍ അംഗം ഇസ്മയില്‍ എരഞ്ഞിക്കലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിവി അന്‍വര്‍ ഉന്നയിക്കുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്ന് ഇസ്മയില്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്ന് പി.വി അന്‍വറും പ്രതികരിച്ചു.
ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആരെയും പിവി അന്‍വറിന് ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് സിപിഐഎം ഒളിഞ്ഞും തെളിഞ്ഞും പറയുന്നതിനിടയാണ് നിലമ്പൂര്‍ നഗരസഭ ഇടത് കൗണ്‍സിലര്‍ ഇസ്മയില്‍ എരഞ്ഞിക്കല്‍ അന്‍വര്‍നൊപ്പം ചേര്‍ന്നത്. ഇരുപത്തിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ആണ്. ജെഡിഎസ് ദേശീയ കൗണ്‍സില്‍ അംഗം. സിപിഐഎം ബിജെപി അന്തര്‍ധാരയുണ്ടെന്നും അന്‍വറിന് ഒപ്പം നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഇസ്മയില്‍ പറഞ്ഞു.ജെഡിഎസിലെ ഒരു വിഭാഗം ഭാരവാഹികളും ടിഎംസിയില്‍ ചേര്‍ന്നു. പിവി അന്‍വര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കത്രിക ചിഹ്നം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമാവുകയാണ് പി.വി അന്‍വര്‍ ക്യാമ്പ്.