അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. പവിത്രനെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് കാസര്‍കോട് ജില്ലാകളക്ടര്‍ ശുപാര്‍ശ നല്‍കി. പവിത്രന്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരമായ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പവിത്രനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. BNS 196, 75,79,67(A) IT Act എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതി ഓഫിസില്‍ എത്തിയത് മദ്യപിച്ചിട്ടെന്നും പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചന പോസ്റ്റിനു താഴെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെ മോശം പരാമര്‍ശം. അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയെ അപകീര്‍ത്തിപെടുത്തും വിധം ആയിരുന്നു പവിത്രന്റെ കമന്റ്. കമന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെത് ഹീനമായ പ്രവൃത്തി എന്ന് റവന്യൂ മന്ത്രി കെ രാജന്‍.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കര്‍ശനമായ നടപടിയെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ എ പവിത്രനെ ചുമതലയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പവിത്രനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി, കെഎസ്യു എന്നീ സംഘടനകളും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.