ഉരുള്‍പൊട്ടല്‍; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപരമായി അധികാരമില്ലെന്ന് പറയാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി എം മനോജ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.


ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം പറഞ്ഞു. ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ടെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. ഭരണഘടനയുടെ 73-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാം. വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാനാകും. ഇല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അശക്തരെന്ന് പറയേണ്ടിവരും. വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച കൂടി സമയം നല്‍കി.

ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാത്തതില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി നേരത്തേയും രംഗത്തെത്തിയിരുന്നു. വായ്പ എഴുതിത്തള്ളാന്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശം നല്‍കികൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവും ഇറക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും