ജില്ലാ കളക്ടര്‍ക്കെതിരെ ഭീഷണിയുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് ജില്ലാ കളക്ടര്‍ മനസിലാക്കുന്നത് നല്ലതായിരിക്കുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു. എക്കാലവും തങ്ങള്‍ സര്‍വ്വാധിപതിയായിരിക്കുമെന്ന് ധരിക്കുന്ന ധിക്കാരികളായ ഉദ്യോഗസ്ഥര്‍ക്ക് ചരിത്രം മാപ്പുകൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പീരുമേട്ടില്‍ കയ്യേറ്റമൊഴിപ്പിക്കുന്നതിനെതിരെ നടന്ന പരിപാടിയിലാണ് ഭീഷണിപ്രസംഗം.
ജില്ലയിലെ ക്വാറികള്‍ക്കെതിരെ കളക്ടര്‍ അന്വേഷണം നടത്തിയപ്പോള്‍ മുതലാണ് ജില്ലാ സെക്രട്ടറിയും ജില്ലാ കളക്ടറും തമ്മിലുളള അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. പരുന്തുംപാറ വിഷയത്തില്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ് കളക്ടറെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി. സി വി വര്‍ഗീസിന്റെയും ബന്ധുക്കളുടെ പേരിലടക്കമുളള ക്വാറികള്‍ക്കുമേല്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ജില്ലാ സെക്രട്ടറി ജില്ലാകളക്ടര്‍ക്കെതിരെ രംഗത്തുവന്നുതുടങ്ങിയത്.