പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ആനയുടെ ആക്രമണത്തില്‍ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബന്ധുകള്‍ക്ക് കൈമാറി.
ഇന്ന് പുലര്‍ച്ചെ 3.30നാണ് കുമാരന് നേരെ കാട്ടാന ആക്രമണമുണ്ടായത്. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ചെന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്. ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. കുമാരന്‍, എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍, അട്ടപ്പാടി സ്വദേശി മല്ലന്‍എന്നിവര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. രണ്ട്മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് അലന്‍ എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്ത് റെയില്‍ ഫെന്‍സിങ് ഒരുക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 2017ല്‍ ഉത്തരവായിട്ടും ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥിരമായി കാട്ടാന പ്രദേശത്ത് എത്തുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.