വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അധ്യാപക ഒഴിവ്

കണ്ണൂര്‍ പട്ടുവം ഗവ.മോഡല്‍ റെസിഡെഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോമേഴ്സ് അധ്യാപക തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.  പി.എസ്.സി യോഗ്യതയുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497-2700357, 0460-2203020.

ഐടിഐ പ്രവേശനം

കണ്ണൂര്‍ ഗവ. ഐടിഐയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ദ്വിവല്‍സര/ഏകവല്‍സര മെട്രിക്/ നോണ്‍മെട്രിക് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9895265951

ഇന്റര്‍വ്യൂ ജൂലൈ മൂന്നിന്

നാറാത്ത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ നിയമനത്തിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മുന്നുവര്‍ഷ സിവില്‍ ഡിപ്ലോമ, രണ്ടു വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ഹാന്‍ഡ്ലൂം ടെക്‌നോളജി ലാറ്ററല്‍ എന്‍ട്രി

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ ടെക്‌സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രിക്ക്  അപേക്ഷ ക്ഷണിച്ചു. സയന്‍സ് വിഭാഗത്തില്‍ കണക്ക്, കെസ്ട്രി, ഫിസിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ടി.സി, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്യൂണിറ്റി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ തോട്ടട കിഴുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ഓഫീസില്‍ ലഭിക്കണം. അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷാ ഫോം www.iihtkannur.ac.in വെബ് സൈറ്റിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ലഭിക്കും.

ഹ്രസ്വകാല കോഴ്സുകള്‍

കണ്ണൂര്‍ ഗവ. ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കേഷന്‍  ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്, ടാലി, ജി എസ് ടി ഫയലിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നീ ഹ്രസ്വകാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9745479354

ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡി ചീമേനി പള്ളിപ്പാറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ് ടു), സര്‍ട്ടിഫിക്ക്റ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ്ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോം കോളജ് ഓഫീസിലും, www.ihrdadmission.org എന്ന വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 വൈകിട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ഃ 8547005052,944759612

കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡി ചീമേനി പള്ളിപ്പാറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷ ബിരുദ കോഴ്സുകളായ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപ്പറേഷന്‍, ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്, ബിരുദാനന്തര ബിരുദ കോഴ്സുകളായ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നിവക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല സൈറ്റ്, www.ihrdadmission.org എന്നിവയിലൂടെ അപേക്ഷിക്കാം. എസ് സി, എസ് ടി, ഒഇസി, ഒബിസി(എച്ച്) ഫിഷര്‍മെന്‍ എന്നീ വിഭാഗത്തിന് ഫീസ് ആനുകൂല്യം, ലംപ്‌സം ഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍: 8547005052,9961416202, 9447596129.

ധനസഹായം കൈപ്പറ്റണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷനിലെ ആനുകൂല്യത്തിന് അര്‍ഹരായ  ആചാരസ്ഥാനി, കൊലധികാരി എന്നിവരുടെ 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള തുക അനുവദിച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഗുണഭോകതാക്കള്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ച്  ആനുകൂല്യം ലഭിച്ചെന്ന് ഉറപ്പ് വരുത്തണം.

വൈദ്യുതി സുരക്ഷാ വാരം

കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ടുവരെ വൈദ്യുതി സുരക്ഷാ വാരം ആചരിക്കും. വാരാചരണം ജൂണ്‍ 26 ന് രാവിലെ 10 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ.അനീഷ് ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി.എം.ഷീജ അധ്യക്ഷത വഹിക്കും. വൈദ്യുത സുരക്ഷ ഇന്നലെ,ഇന്ന്,നാളെ എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഡോ.ഫൈസല്‍ റഹിമാന്‍ ക്ലാസ്സെടുക്കും.

കരിയര്‍ മീറ്റ് സംഘടിപ്പിച്ചു

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭ്യമുഖ്യത്തില്‍ തോട്ടട എസ് എന്‍ കോളേജില്‍ സംഘടിപ്പിച്ച കരിയര്‍ മീറ്റില്‍ കണ്ണൂര്‍ സിറ്റി പോലീസ്‌കമ്മീഷണര്‍ പി.നിധിന്‍ രാജ് മുഖ്യാതിഥിയായി. സിവില്‍ സര്‍വീസ്- പ്രവേശനവുമായി ബന്ധപ്പെട്ട പഠന രീതികള്‍, തയ്യാറാകല്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കമ്മീഷണര്‍ ക്ലാസ്സെടുത്തു. സെമിനാറിന് ശേഷം കുട്ടികളുമായി ഈ വിഷയത്തില്‍ വിശദമായ സംശയനിവാരണ സെഷനും നടന്നു. കരിയര്‍ മീറ്റില്‍ 113 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.പി പ്രശാന്ത്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആര്‍.അശോകന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ രമേശന്‍ കുനിയില്‍, കോളേജ് സുപ്രണ്ട് പ്രത്യുഷ് പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

അധ്യാപക ഒഴിവ്

ചെറുകുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജൂനിയര്‍ ഇംഗ്ലീഷ് നോണ്‍ വൊക്കേഷണല്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 28 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം. എംപ്ലോയിമെന്റ് രജിസ്ട്രേഷന് സീനിയോരിറ്റി ഉള്ളവരും, പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും തെളിവുകള്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9656193240

അഭിരുചി പരീക്ഷ 28 ന്

കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ സഹകരണത്തോടെ മുണ്ടേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന മുദ്രാ കിരണം സിവില്‍ സര്‍വീസ് പരിശീലന പരിപാടിക്ക്  അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അഭിരുചി പരീക്ഷ ജൂണ്‍ 28ന് രാവിലെ 10 മണിക്ക്  സ്‌കൂളില്‍ നടക്കും.
അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അന്നേ ദിവസം രാവിലെ 8.45 ന് സ്‌കൂളില്‍ എത്തണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും