വനമിത്ര പുരസ്‌കാരം: 31 വരെ അപേക്ഷിക്കാം
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര 2025-26 പുരസ്‌കാരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്് 31 വരെ ദീര്‍ഘിപ്പിച്ചു. കാവ്, കണ്ടല്‍ക്കാടുകള്‍, വനം, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കാര്‍ഷിക വൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. http://forest.kerala.gov.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഓഫ് ലൈനായി അപേക്ഷ നല്‍കിയവരും പ്രസ്തുത തീയതിക്കകം ഓണ്‍ലൈനായി അപേക്ഷിക്കണം. 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവുമാണ് പുരസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കണ്ണൂര്‍, കണ്ണോത്തുംചാല്‍, താണ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2705105
കാവുകള്‍ക്ക് ധനസഹായം: അപേക്ഷ നീട്ടി
സംസ്ഥാന വനം വന്യജീവി വകുപ്പ് 2025 വര്‍ഷത്തില്‍ കാവുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്കുള്ള അപേക്ഷാതീയതി ആഗസ്റ്റ് 31 വരെ നീട്ടി. http://forest.kerala.gov.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഓഫ് ലൈനായി അപേക്ഷ നല്‍കിയവരും പ്രസ്തുത തീയതിക്കകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കണ്ണൂര്‍, കണ്ണോത്തുംചാല്‍, താണ പി ഒ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2705105
ധനസഹായത്തിന് അപേക്ഷിക്കാം
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് 2025 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള വേതനം നല്‍കുന്നു. ഗുണഭോക്താക്കള്‍ ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയൽ കാര്‍ഡിന്റെ ഒറിജിനലും പകര്‍പ്പും ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം നീലേശ്വരത്തുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ ഓഫീസില്‍ ആഗസ്റ്റ് 29 നകം നേരിട്ട് എത്തണം. നേരിട്ട് എത്താന്‍ പറ്റാത്തവര്‍ അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സഹിതം മേല്‍പറഞ്ഞ രേഖകള്‍ ഓഫീസില്‍ എത്തിക്കണം.
തൊഴിലധിഷ്ഠിത ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍
കെല്‍ട്രോണിന്റെ നോളജ് സെന്ററുകളില്‍ പ്ലസ് ടു പാസായവര്‍ക്കുള്ള ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, എസ് എസ് എല്‍ സിക്കാര്‍ക്കുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ ബാച്ചിലും 30 വീതം വിദ്യാര്‍ഥികള്‍ക്കാണ് അവസരം. അവസാന തീയതി ആഗസ്റ്റ് 20. അപേക്ഷാ ഫോമിനും രജിസ്ട്രേഷനും അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായോ 9072592416, 9072592412 നമ്പറുകളിലോ ബന്ധപ്പെടാം.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി അഗ്രി ബയോടെക്നോളജി ഡിവിഷനിലെ ടിഷ്യൂകള്‍ച്ചര്‍ ലാബില്‍ പ്രവര്‍ത്തന രഹിതമായ 36 വാട്സിന്റെ 450 നാല് ഫീറ്റ് ട്യൂബ് സെറ്റ് റിപ്പയര്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 22 ന് രാവിലെ 11 മണിക്കകം ഫാം സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍: 0460 2203154
ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി അഗ്രി ബയോടെക്നോളജി ഡിവിഷനിലെ ടിഷ്യൂകള്‍ച്ചര്‍ ലാബിലേക്ക് രണ്ട് ടണ്‍ ഭാരമുള്ള അഞ്ച് എയര്‍ കണ്ടീഷനുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്കകം ഫാം സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍: 0460 2203154
ഓണ്‍ലൈന്‍ ലേലം
ജില്ലാ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയില്‍ ജില്ലാ സായുധ വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള, വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത 19 പോലീസ് വാഹനങ്ങള്‍ ആഗസ്റ്റ് 20 നും 11 വാഹനങ്ങള്‍ ആഗസ്റ്റ് 21 നും www.mstcecommerce.com മുഖേന ലേലം ചെയ്യും. ഫോണ്‍: 0497 2763332
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമില്‍ ലുനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ഏഴ് ഒഴിവുകള്‍ ഉണ്ട്. എസ് എസ് എല്‍ സി പാസായ 55 വയസ്സില്‍ താഴെയുള്ള, ഷേപ്പ്-ഒന്ന് മെഡിക്കല്‍ കാറ്റഗറിയില്‍ വരുന്ന വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 23 ന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0497 2700069
സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി വികസന വകുപ്പും എന്‍ ടി ടി എഫും സംയുക്തമായി നടത്തുന്ന കണ്‍വെന്‍ഷണല്‍ ആന്‍ഡ് സി എന്‍ സി മെഷീനിസ്റ്റ് എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ 18 നും 24 നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. എന്‍ ടി ടി എഫ് നടത്തുന്ന പ്രവേശന പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. തലശ്ശേരിയിലെ എന്‍ ടി ടി എഫ് കേന്ദ്രത്തിലാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള പരിശീലനം. പ്രവേശനം ലഭിക്കുന്നവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ഫീസും സൗജന്യമായിരിക്കും. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2700596
ഡിഗ്രി/പി.ജി സ്പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലെ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി.സി.എ കോഴ്സിലേക്കും നിലവിലുള്ള ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍, ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ തുടരുന്നു. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി (എച്ച്), ഫിഷര്‍മാന്‍ വിഭാഗത്തിന് ഫീസ് ആനുകൂല്യം, ലംപ്സം ഗ്രാന്റ് എന്നിവ ലഭിക്കും. കോളേജ് ബസ് സൗകര്യവും ലഭ്യമാണ്. ഫോണ്‍: 8547005052, 9961416202
പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍
പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്ക് കോളേജിലെ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അവസാന സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 25 മുതല്‍ 30 വരെ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ നല്‍കുന്നവര്‍ക്കും പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേദിവസങ്ങളില്‍ രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷന് എത്തണം. മറ്റ് കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ അഡ്മിഷന്‍ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം. ഫോണ്‍: 9895019821, 9446739894, 9400547253
അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ കണ്ണൂര്‍, താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഗവ: അംഗീകൃത ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എം എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. ഫോണ്‍: 9947763222
ബോണസ് വിതരണം ആഗസ്റ്റ് 31നകം
ജില്ലയിലെ പവര്‍ ലൂം മേഖലയില്‍ ജോലി ചെയ്യുന്ന ഒന്നാം കാറ്റഗറി തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷത്തെ ബോണസായി 16.5 ശതമാനവും രണ്ടാം കാറ്റഗറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 13.5 ശതമാനവും ആഗസ്റ്റ് 31നകം വിതരണം ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എ.കെ ജയശ്രീയുടെ സാന്നിധ്യത്തില്‍ നടന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. എം പ്രഭാകരന്‍, കെ രാഗേഷ്, പി സി രാധാകൃഷ്ണന്‍, സി ചന്ദ്രശേഖരന്‍, വി.വി ശശീന്ദ്രന്‍, എ വിനോദ്, മാളവിക രാഘവന്‍, പി ശ്രീനിവാസന്‍, പി നാണു എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ 2024-25 വര്‍ഷത്തെ ബോണസ് തര്‍ക്കത്തിനും പരിഹാരമായി. അടിസ്ഥാന ശമ്പളം 10,000 രൂപ പരിധി കണക്കാക്കി ആയതിന്റെ 18 ശതമാനം ബോണസ് നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തൊഴിലുടമകളെ പ്രതിനിധീകരിച്ച് പി സുമേഷ്, സി.കെ ജയപ്രകാശ്, എ രാജേഷ്, യൂണിയനെ പ്രതിനിധീകരിച്ച് കെ.വി രാഘവന്‍, പി കൃഷ്ണന്‍, എം ഗംഗാധരന്‍, എല്‍.പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി; അപേക്ഷ ക്ഷണിച്ചു
മത്സ്യബന്ധന വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷം ബി ഐ എഫ്, എച്ച് ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ജില്ലയിലെ അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും അപേക്ഷിക്കാം. മത്സ്യത്തൊഴിലാളിയുടെ /ഭാര്യയുടെ പേരില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത കാലപ്പഴക്കമുള്ള വീടുകളുടെ പുനരുദ്ധാരണത്തിനാണ് ആനുകൂല്യം. മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത ഭവനങ്ങള്‍, ഫ്ളാറ്റുകള്‍, ഇരട്ട വീടുകള്‍ ഒഴികെയുള്ള ഉന്നതി വീടുകള്‍, മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും മറ്റു വകുപ്പുകളും നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ എന്നിവയും പദ്ധതിക്ക് വേണ്ടി പരിഗണിക്കും. ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക് പദ്ധതി ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകില്ല. മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം, മത്സ്യത്തൊഴിലാളി പാസ്ബുക്കിന്റെ പകര്‍പ്പ്, 2025-26 വര്‍ഷം ഭൂനികുതി അടച്ച രശീതിയുടെ പകര്‍പ്പ്, വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം/ വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകള്‍ സെപ്തംബര്‍ 10 നകം തലശ്ശേരി, കണ്ണൂര്‍, അഴീക്കോട്, മാടായി എന്നിവിടങ്ങളിലെ പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക മത്സ്യഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 04972731081
അങ്കണവാടികളില്‍ ഹെല്‍പ്പര്‍, വര്‍ക്കര്‍
എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂര്‍ കോര്‍പറേഷന്‍ എളയാവൂര്‍ സോണലില്‍ സെന്റര്‍ നമ്പര്‍ 38 എളയാവൂര്‍ സൗത്ത്, സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി, സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ എന്നീ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ സെന്ററിലേക്ക് വര്‍ക്കര്‍ തസ്തികയിലേക്കും സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ പ്ലസ് ടു വിജയിച്ചവര്‍ക്കും ഹെല്‍പര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും അപേക്ഷിക്കാം. സെന്റര്‍ നമ്പര്‍ 38 എളയാവൂര്‍ സൗത്ത് അങ്കണവാടിയിലേക്ക് എളയാവൂര്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 22 ലെ സ്ഥിര താമസക്കാരും സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ അങ്കണവാടിയിലേക്ക് എളയാവൂര്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 26 ലെ സ്ഥിര താമസക്കാരും സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി അങ്കണവാടിയിലേക്ക് എളയാവൂര്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 29 ലെ സ്ഥിര താമസക്കാരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം ആഗസ്റ്റ് 29 വരെ നടാല്‍ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9567987118
സ്പോട്ട് അഡ്മിഷന്‍
മാവേലിക്കര രാജാരവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ഒന്നാംവര്‍ഷ ബി എഫ് എ ബാച്ചിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് നടക്കും. സ്റ്റേറ്റ് മെറിറ്റ് (ജനറല്‍) -4 , ഈഴവ-2 , എസ് സി -2 , മുസ്ലിം-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 9215 രൂപ ഫീസ് സഹിതം കോളേജില്‍ ഹാജരാകണം. സംവരണ സീറ്റുകളില്‍ പ്രവേശനം നേടുന്നവര്‍ ജാതി, നോണ്‍ ക്രിമിലിയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കണം. ഫോണ്‍: 0479 2341199, 9446018313
വൈദ്യുതി മുടങ്ങും
എല്‍ ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ദിരാ നഗര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് വരെയും ചോലപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.