ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നില്‍ പ്രതിയുടെ അമിതമായ മൃഗസ്‌നേഹമാണെന്ന് നിഗമനത്തിലേക്ക് അന്വേഷണ സംഘം . പ്രതി രാജേഷ് കിംജി കള്ളക്കടത്ത്, വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
രാജ്‌കോട്ട് സ്വദേശിയായ രാജേഷ് കിംജിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആക്രമണ കാരണം പ്രതിയുടെ തെരുവ് നായ സ്‌നേഹം എന്ന നിഗമനത്തിലേക്ക് എത്തിയത്. തെരുവില്‍ അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ക്ഷേമത്തിനായി രാജ്‌കോട്ടില്‍ രാജേഷ് കഴിഞ്ഞ വര്‍ഷം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗുജറാത്തിനകത്തും, പുറത്തും സമാനമായ പരിപാടികളും നടത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നാലെ കുരങ്ങന്മാരെ ഒഴിപ്പിക്കാതിരിക്കാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചെന്നും ഭക്ഷണം നല്‍കിയെന്നും പ്രതി മൊഴി നല്‍കി. കള്ളക്കടത്ത്, വധശ്രമം ഉള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.