നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍

പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്നാണ് സംശയം. പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളോട് ചേർന്നുള്ള മാലിന്യ കൂമ്പാരത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മാലിന്യ കൂമ്പാരത്തിൽ നായ്ക്കൾ ചികഞ്ഞപ്പോൾ ദുർഗന്ധം ഉയർന്നു. തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊൽക്കത്ത സ്വദേശികളായ ഷീല, ജിയാറുൽ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണിതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ദമ്പതികൾ വീട് പൂട്ടി പോയ നിലയിലാണ്. എന്നാൽ ഇവരുടെ മറ്റു രണ്ടു മക്കൾ വീട്ടിൽ തന്നെയുണ്ട്. പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. മാതാപിതാക്കൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും