സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം ഒമ്പത് മണിക്കൂറിൽ നിന്ന് പത്ത് മണിക്കൂറായി ഉയർത്താൻ മഹാരാഷ്ട്ര സർക്കാർ. 2017-ലെ മഹാരാഷ്ട്ര ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണിത്.
മൂന്നു മാസത്തിനുള്ളിൽ എടുക്കാവുന്ന ഓവർ ടൈം ജോലി സമയം 125-ൽ നിന്ന് 144 മണിക്കൂർ ആക്കി ഉയർത്തി. ഒരു ദിവസത്തെ പരമാവധി ഓവർടൈം 10-ൽ നിന്ന് 12 മണിക്കൂറായി വർധിപ്പിക്കാനും നിർദേശമുണ്ട്. 20-ൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിലാണ് ഇത് പ്രാവർത്തികമാവുക. നിലവിൽ ഇത് 10 ആണ്. കഴിഞ്ഞ ജൂണിൽ ആന്ധ്രപ്രദേശ് സർക്കാറും തൊഴിൽ സമയം 10 മണിക്കൂറാക്കി വർധിപ്പിച്ചിരുന്നു. ഇത് വ്യാപക വിമർശനത്തിന് കാരണമാവുകയും ചെയ്തു. തൊഴിലാളികളെ അടിമകളാക്കുന്നതാണ് തൊഴിൽ സമയ വർധനയെന്നായിരുന്നു വിമർശനം.