രാജ്യമൊട്ടാകെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തുമെന്ന പ്രഖ്യാപനം നടത്തി അധികം വൈകാതെ കേരളത്തിലും ഒരുക്കങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചു. തെരഞ്ഞെടുപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ പ്രവർത്തനം. ആളുകൾക്ക് സമഗ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെന്നും അതിന്‍റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയ ഖേൽക്കർ, പ്രക്രിയ സുതാര്യവും ലളിതവുമായിരിക്കുമെന്നും പറഞ്ഞു. യോഗ്യരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നും അനർഹർ പട്ടികയുടെ പുറത്ത് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയപാർട്ടികൾക്കായി ബോധവത്കരണം ഉണ്ടാകും. പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകും. നിലവിലെ പരിഷ്കരണം ഇപ്പോഴുള്ള പട്ടിക പുതുക്കൽ മാത്രമാണ്. കേരളത്തിലും എസ് ഐ ആറിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഷെഡ്യൂൾ ലഭിച്ചാൽ ഉടൻ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. 2002 ലെ പട്ടികയിലുള്ള 80 ശതമാനം ആളുകളും 2025 പട്ടികയിലുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തുടനീളം നേരിട്ട് വെരിഫിക്കേഷൻ നടത്താൻ സാധിക്കും. എസ് ഐ ആറിൽ ആശങ്കയുടെ ആവശ്യമില്ല. പല ഘട്ടങ്ങളിലായി ചെയ്തിട്ടുള്ള കാര്യമാണ്. ആദ്യഘട്ടമാണ് ബീഹാറിൽ നടന്നത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം ആധാർ കൂടി തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വോട്ടർമാർക്ക് ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താം. കമ്മീഷൻ പറയുന്ന സമയക്രമം അനുസരിച്ചായിരിക്കും പൂർത്തീകരണം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എസ് ഐ ആർ പൂർത്തീകരിക്കാൻ കഴിയുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. ഇതര സംസ്ഥാനക്കാർ അധികമുള്ള മേഖലകളിൽ പ്രവർത്തനം ബുദ്ധിമുട്ടായിരിക്കുമെന്നും പക്ഷേ പൂർത്തീകരിക്കാനാകുമെന്നും പറഞ്ഞ അദ്ദേഹം എസ് ഐ ആർ വിവരങ്ങൾ ഓൺലൈനായും സൂക്ഷിക്കുമെന്നും വ്യക്തമാക്കി.