പലസ്തീന്‍ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിച്ച് യുഎന്‍ പ്രമേയം; അനുകൂലിച്ച് ഇന്ത്യ ഉള്‍പ്പെടെ 142 രാജ്യങ്ങള്‍

പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. ഫ്രാന്‍സ് യുഎന്‍ പൊതുസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. പ്രമേയത്തെ ഇന്ത്യ ഉള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചു. എന്നാല്‍ ഇസ്രയേല്‍, അമേരിക്ക ഉള്‍പ്പെടുന്ന പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഹംഗറി, പാരഗ്വായ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തിന് എതിരായി വോട്ട് രേഖപ്പെടുത്തി.

യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സും സൗദി അറേബ്യയും കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ പിന്തുണച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.

പ്രമേയം അവതരിച്ച സൗദി-ഫ്രാന്‍സ് നീക്കത്തെ പലസ്തീന്‍ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. എന്നാല്‍ പ്രമേയം അപമാനകരമാണെന്നും യു എന്‍ പൊതുസഭ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലെയന്നുമാണ് ഇസ്രയേലിന്റെ വിമര്‍ശനം.

പാലസ്തീന്‍ ജനതയ്ക്കും ഇസ്രയേല്‍ ജനതയ്ക്കും പശ്ചിമേഷ്യയിലെ സകല മനുഷ്യര്‍ക്കും സമാധാനവും സുരക്ഷിതമായ ഭാവിയുമുണ്ടാകാനാണ് ഈ നിര്‍ദേശമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ പ്രമേയം അപലപിച്ചു. ഗസ്സയിലെ സാധാരണ ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തി വരുന്ന അതിക്രമത്തേയും പ്രമേയം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഹമാസ് ബന്ദികളെ വിട്ടയയ്ക്കണമെന്നും ഇസ്രയേല്‍ സൈന്യം ഗസ്സ മുനമ്പില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഹമാസിനെ ഉള്‍പ്പെടുത്താതെയുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് പ്രമേയത്തിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും