പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ടെത്തി. 38 ദിവസത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17ന് പാലക്കാട് നിന്നും പോയ എം.എൽ.എക്കെതിരെ 20നാണ് ലൈംഗികാരോപണം ഉയർന്നത്.
കോൺഗ്രസിന്റെ്റെ പ്രാഥമികാംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ പിന്നീടുള്ള ദിവസങ്ങളിൽ വിട്ടുനിൽക്കുകയായിരുന്നു. മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നതിന്റെ ആദ്യ പടിയെന്ന നിലയിലാണ് പാലക്കാട്ടെത്തിയത്.
രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നതിനിടെയാണ് എം.എൽ.എ മണ്ഡലത്തിലെത്തുന്നത്. രാഹുൽ വന്നാൽ പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ശനിയാഴ്ച എം.എൽ.എ ഓഫിസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊതു പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും രാഹുലിനെ തുരത്തി ഓടിക്കുമെന്നുമെന്നും ബി.ജെ.പി പ്രവർത്തകർ പ്രതികരിച്ചു.