2024 സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ

2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെയും അംഗങ്ങളുമായിരിക്കും.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളായിരിക്കും. 128 സിനിമകളാണ് അവാര്‍ഡിനായി ഇക്കുറി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ആറിന് രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

നടനായും സംവിധായകനായും ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ പ്രകാശ് രാജ് നാടക ലോകത്ത് നിന്നാണ് സിനിമയില്‍ എത്തിയത്. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2007ല്‍ കാഞ്ചീവരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും