സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ‌ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർ‌ട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. മഴക്കെടുതിയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഷൊർണൂരിൽ ശക്തമായ മഴയിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. മുണ്ടായ എൽപി സ്കൂളിന് സമീപത്ത് പള്ളത്ത് വീട്ടിൽ ബാലസുബ്രമണ്യൻ്റെ വീടാണ് തകർന്നത്. ആർക്കും പരുക്കില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും