ദേശീയ മന്തുരോഗ ദിനാചരണം സംഘടിപ്പിച്ചു

ദേശീയ മന്ത് രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍  നിർവഹിച്ചു. ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സി സച്ചിന്‍ അധ്യക്ഷനായി. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ കെ ഷിനി മന്തു രോഗത്തിന്റെ വ്യാപനം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലയില്‍ നിലവില്‍ 883 രോഗികളാണ് ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം മന്ത് രോഗബാധിതര്‍. അതില്‍ 290 രോഗികള്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണുള്ളത്.

ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.ജി ഗോപിനാഥന്‍, ബയോളജിസ്റ്റ് സി.പി രമേശന്‍, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു.

മന്തുരോഗം അഥവാ ലിംഫാറ്റിക് ഫൈലേറിയാസിസ്

മന്തുരോഗം മാരകമല്ലെങ്കിലും അംഗവൈകല്യമുണ്ടാക്കും. കൊതുകുകടി വഴി മന്തുരോഗ വിരകള്‍ മനുഷ്യരിലേക്ക് എത്തുമ്പോഴാണ് രോഗം വരുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ലസികാവ്യൂഹത്തെയാണ് മന്തുരോഗം പ്രധാനമായും ബാധിക്കുന്നത്. മന്ത് രോഗവിരകള്‍ മനുഷ്യ ശരീരത്തിലെ ലസികാഗ്രന്ഥികളിലും കുഴലുകളിലും കാണപ്പെടുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ വിരകള്‍ ദിവസേന ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നു. രാത്രിസമയത്ത് മൈക്രോഫൈലേറിയ മനുഷ്യ ശരീരത്തിലെ ഉപരിതല രക്തപ്രവാഹത്തില്‍ എത്തിച്ചേരുന്നു. ഇത്തരം ആള്‍ക്കാരെ കൊതുക് കടിക്കുമ്പോള്‍ കൊതുകിന്റെ ശരീരത്തിലേക്ക് വിരകള്‍ പ്രവേശിക്കുകയും ഏഴ് മുതല്‍ 21 ദിവസം കൊണ്ട് കൊതുക് മറ്റൊരാളിലേക്ക് രോഗം പകര്‍ത്താന്‍ കഴിവുള്ളതുമാകുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ വിരകള്‍ ലസികാവ്യൂഹത്തില്‍ 10-15 വര്‍ഷം വരെ ജീവിക്കും. പക്ഷെ വിരകളുടെ പ്രത്യുല്‍പാദന കാലയളവ് 4-6 വര്‍ഷമാണ്.

പ്രാരംഭഘട്ടത്തില്‍ യാതൊരു രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല. എന്നാല്‍ രോഗാണു ബാധയേറ്റ് വര്‍ഷങ്ങള്‍ക്ക് ശേഷം ലസികാവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും കൈകാലുകളില്‍ വീക്കം ഉണ്ടാവുകയും തുടര്‍ന്ന് എലഫന്റിയാസിസ് എന്ന ഘട്ടത്തിലെത്തുകയും ചെയ്യുന്നു. കൂടാതെ സ്തനവീക്കം, വൃഷ്ണവീക്കം എന്നിവയ്ക്കും കാരണമാകുന്നു. കുളിര്, വിറയല്‍, ശക്തമായ പനി, നീരുള്ളിടത്ത് ചുവന്ന തടിപ്പ്, വേദന, മനംപിരട്ടല്‍, ചര്‍ദ്ദി തുടങ്ങിയവ കാണപ്പെടുന്നു. വീക്കം ബാധിച്ച ഭാഗത്തെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ പോറലുകള്‍, മുറിവുകള്‍, വളംകടി, പൂപ്പല്‍ മുതലായവയിലൂടെ ശരീരത്തിനകത്ത് കടക്കുന്ന ബാക്ടീരിയകള്‍ വഴി മന്തുപനി ഉണ്ടാകുന്നു.

ഡി.ഇ.സി (ഡെ ഈഥൈല്‍ കാര്‍ബമസീന്‍ സിട്രേറ്റ്) ഗുളികകള്‍ മൈക്രോഫൈലേറിയ വിരകളെയും ആല്‍ബന്‍ഡസോള്‍ ഗുളിക പൂര്‍ണ വളര്‍ച്ചയെത്തിയ വിരകളെയും നശിപ്പിക്കുന്നു. വീക്കം വന്നു കഴിഞ്ഞാല്‍ പ്രത്യേക ചികിത്സയില്ല, പ്രധാന പ്രതിവിധി രോഗതുരത കുറയ്ക്കാന്‍ വീക്കം വന്ന ഭാഗങ്ങളുടെ ശരിയായ പരിചരണമാണ്. വൃഷണ വീക്കം  ലഘുസര്‍ജറിയിലൂടെ പരിഹരിക്കാവുന്നതാണ്.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

കൊതുകുകടി ഒഴിവാക്കുന്നതിലൂടെ രോഗം വരുന്നത് തടയാം. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. കൊതുകിനെ അകറ്റുന്ന ലേഖനങ്ങള്‍, കൊതുകുതിരികള്‍ ഉപയോഗിക്കുക. ശരീരം മൂടുന്ന തരത്തിലുള്ള  വസ്ത്രം ധരിക്കുക. അഴുക്കുചാലുകള്‍, ഓടകള്‍ തുടങ്ങിയവയില്‍ മലിനജലം കെട്ടിക്കിടക്കാതെ നോക്കുക. കുളം, കനാല്‍ എന്നിവിടങ്ങളില്‍ നിന്നും ജലസസ്യങ്ങളായ ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നിവ നീക്കം ചെയ്യുക. സെപ്റ്റിക് ടാങ്കിന്റെയും മറ്റും വെന്റ് പൈപ്പില്‍ കൊതുകുവല കെട്ടുക. രോഗലക്ഷണങ്ങള്‍ പുറമെ പ്രകടമാക്കാത്ത മന്തുരോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ മാത്രമേ രോഗവാഹകരില്‍ നിന്നും കൊതുകുകള്‍ വഴി മറ്റൊരാളിലേക്ക് രോഗം പകരുകയുള്ളൂ. നീര്‍വീക്കം വന്നവരില്‍ നിന്നും രോഗം പകരുന്നില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും