ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്‍റേത് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. സ്വര്‍ണം വിട്ടുനല്‍കുന്നതിലും ഫയലുകളില്‍ രേഖപ്പെടുത്തുന്നിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് നടന്നിരിക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ അവധാനത ഇല്ലായ്മ നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആ നയം തുടരും എന്നും പി ജയരാജന്‍ പറഞ്ഞു. ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് ‘കറക്റ്റ്’ ചെയ്യുന്നതില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പഴയ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച്ച പറ്റി. ഇത് മോഷണത്തിലേക്ക് നയിച്ചുവെന്നും പി ജയരാജന്‍ വ്യക്തമാക്കി.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാദത്തെ പാടെ തള്ളുന്നതാണ് പി ജയരാജന്റെ നിലപാട്. അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നാണ് എം വി ഗോവിന്ദന്‍ പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചത്. പകുതി വെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ലല്ലോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.