രാഹുലിനെതിരായ അതിജീവിതയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ യുവതിയുടെ പരാതി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കി. എഡിജിപിയുടെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടക്കും. ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഉദ്യോഗസ്ഥര്‍ യോഗം ചേരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന. അന്വേഷണത്തിനായി പുതിയ സംഘം ഉണ്ടായേക്കാനാണ് സാധ്യത. സംഘത്തില്‍ വനിത ഉദ്യോഗസ്ഥരെ കൂടി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. കോടതിയില്‍ രഹസ്യ മൊഴിക്ക് അപേക്ഷ നല്‍കാനും നീക്കം. നാളെ തന്നെ അപേക്ഷിക്കാനാണ് സാധ്യത.

സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. ‘ഹൂ കെയേഴ്‌സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും