രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡന പരാതിയില്‍ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുലിന്റെ ഭീഷണിയില്‍ നടത്തിയത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമാണെന്ന് വ്യക്തമാവുന്ന മൊഴികളാണ് യുവതിയുടേത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫ് യുവതിക്ക് നല്‍കിയത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളാണെന്നതിനാല്‍ അമിത രക്തസ്രാവത്തിന് വഴിയൊരുക്കിയെന്ന് യുവതി മൊഴി നല്‍കി. അടിയന്തര വൈദ്യസഹായം തേടിയത് അപകടം കുറച്ചെന്നും യുവതി മൊഴി നല്‍കി. സാധാരണഗതിയില്‍ ഗര്‍ഭച്ഛിദ്രം നടത്തുമ്പോള്‍ യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമാണ് ഈ മരുന്നുകള്‍ നിര്‍ദേശിക്കൂവെന്നിരിക്കെയാണ് യാതൊരു നിര്‍ദേശവും ലഭിക്കാതെ യുവതിക്ക് മരുന്നെത്തിച്ചുനല്‍കിയത്. നിലവില്‍ ജോബി ജോസഫും ഒളിവിലാണ്. ജോബി ഇന്ന് മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.


അതേസമയം പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വൈദ്യപരിശോധന നടത്തിയത്. പരാതിക്കാരിയുടെ സുഹൃത്തുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുക്കും. ഇന്ന് മുതല്‍ മൊഴിയെടുപ്പ് തുടങ്ങാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനാണ് ജോബി.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും