വാളയാറില്‍ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയായ ആനന്തന്‍ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതിയും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതിനിടെ രാംനാരായണിന്റെ കുടുംബവുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ചര്‍ച്ച നടത്തി. പത്ത് ലക്ഷത്തില്‍ കുറയാത്ത ധനസഹായം നല്‍കുമെന്ന കാര്യം മന്ത്രി ഉറപ്പുനല്‍കി. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ വകുപ്പുകളും ചുമത്തും. കുടുംബത്തിന്റേത് പ്രതിഷേധമായി കണക്കാക്കേണ്ടതില്ല. ആകുലതകള്‍ മാത്രമാണ് പങ്കുവെച്ചതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാംനാരായണിന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു. രാംനാരായണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ ചെയ്യും. കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടു. രാംനാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും