വാടിക്കല്‍ കടവ് കോഴിബസാര്‍ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു

മാടായി ഗ്രാമപഞ്ചായത്തിലെ വാടിക്കല്‍ കടവ് കോഴിബസാര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ കാലവര്‍ഷക്കെടുതി 2023-24 ല്‍ ഉള്‍പ്പെടുത്തിയാണ് വാടിക്കല്‍ കടവ് കോഴിബസാര്‍ റോഡ് പദ്ധതിക്ക് പത്ത് ലക്ഷം രൂപസാസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ മഴയ്ക്ക് മുന്നേ പൂര്‍ത്തീകരിക്കാനുള്ള അതിവേഗത്തിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് എം എല്‍ എ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക നിധിയില്‍ നിന്നും കല്യാശേരി മണ്ഡലത്തിന് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ആറുകോടി രൂപ ലഭ്യമായിട്ടുണ്ടെന്നും ഈ തുക പത്ത് പഞ്ചായത്തുകള്‍ക്കുമായി വീതിച്ചു കൊണ്ടാണ് റോഡ് നവീകരണവുമായി മുന്നോട്ടുപോകുന്നതെന്നും എംഎല്‍എ പറഞ്ഞു. മാടായി മാട്ടൂല്‍ പൊതുമരാമത്ത് റോഡില്‍ കോഴിബസാറില്‍ നിന്നും ആരംഭിക്കുന്ന വാടിക്കല്‍ കടവ് കോഴിബസാര്‍ റോഡിന്റെ 170 മീറ്റര്‍ ടാറിങ്ങും ഷോള്‍ഡര്‍ കോണ്‍ക്രീറ്റ് പ്രവൃത്തിയും 76 മീറ്റര്‍ കോണ്‍ക്രീറ്റ് പ്രവൃത്തിയും ഉള്‍പ്പെടെ 246 മീറ്ററിലാണ് നവീകരണ പ്രവൃത്തി നടക്കുക. വാടിക്കല്‍ കടവില്‍ നടന്ന പരിപാടിയില്‍ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സ്വപ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പത്മിനി, മാടായി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുനീര്‍, പി.വി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും