വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബജറ്റ് ടൂറിസം സെൽ: ഗവി വിനോദയാത്ര

കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം നാല് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ഫെബ്രുവരി 17 ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സപൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ : 8075823384, 9745534123

സ്വരാജ് മാധ്യമ അവാർഡിന് അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന സ്വരാജ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾക്കാണ് ഈ വർഷത്തെ അവാർഡ്. ഈ വിഷയത്തിൽ ക്യാമ്പയിൻ ആരംഭിച്ചത് മുതൽ 2025 ജനുവരി 31വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾ അവാർഡിന് പരിഗണിക്കും. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാനാവൂ. അച്ചടി മേഖലയിലെ മികച്ച രണ്ട് വാർത്തയ്ക്കും ടെലിവിഷൻ രംഗത്തെ ഒരു വാർത്തയ്ക്കുമാണ് പുരസ്‌ക്കാരം. 25,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അവാർഡായി നൽകും. അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം.
ടിവി വാർത്താ വിഭാഗത്തിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത അഞ്ചുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. ഓരോ എൻട്രിയോടൊപ്പവും ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം. പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺനമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. അവാർഡിനയക്കുന്ന എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. കവറിന് പുറത്ത് സ്വരാജ് മാധ്യമപുരസ്‌കാരം 2025 അപേക്ഷ എന്ന്  രേഖപ്പെടുത്തിയിരിക്കണം. എൻട്രികൾ ഫെബ്രുവരി 12 നകം ചീഫ് ഓഫീസർ, പബ്ലിക് റിലേഷൻസ്, എൽ എസ് ജി.ഡി. പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭിക്കണം. lsgdpr2024@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും എൻട്രികൾ അയക്കാം.

കോമ്പൗണ്ടിങ്-സെറ്റിൽമെൻറ് സ്‌കീം: ജില്ലാതല അവലോകനയോഗം 14 ന്

ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോമ്പൗണ്ടിങ്-സെറ്റിൽമെൻറ് സ്‌കീമുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 14 ന് ജില്ലാതല അവലോകനയോഗം ചേരും. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ നടക്കുന്ന യോഗത്തിൽ രജിസ്ട്രേഷൻ ഉത്തരമേഖല ഡി.ഐ.ജി, ജില്ലാ രജിസ്ട്രാർ, ചിട്ടി ഓഡിറ്റർ, ചിട്ടി ഇൻസ്പെക്ടർ, 23 സബ് ഓഫീസുകളിലെയും സബ് രജിസ്ട്രാർമാർ തുടങ്ങിയവർ പങ്കെടുക്കും. ആധാരത്തിൽ യഥാർഥ വില കാണിക്കാതെ വസ്തു രജിസ്റ്റർ ചെയ്ത്, സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കി, അണ്ടർവാല്യുവേഷൻ നടപടികളും റവന്യൂ റിക്കവറിയും നേരിടുന്നവർക്കായുള്ള പദ്ധതികളാണ് കോമ്പൗണ്ടിങ്, സെറ്റിൽമെന്റ് സ്‌കീമുകൾ.

കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് – മിഷന്‍ വാത്സല്യ പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ സംരക്ഷണം നല്‍കി വരുന്ന ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഫോസ്റ്റര്‍ കെയര്‍ പദ്ധതി (പോറ്റിവളര്‍ത്തല്‍) പ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് വ്യക്തികളില്‍/ദമ്പതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രമൃശിഴ.െംരറ.ഴീ്.ശി വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. വ്യക്തികളുടെ പ്രായ പരിധി 35 നും 60 നുമിടയിലും ദമ്പതികളുടെ സംയുക്ത പ്രായപരിധി 70 നും 115 നുമിടയില്‍ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ :04902967199

15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്

തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെന്റസ് ബാങ്ക് (ഐപിപിബി) ഉപഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു. 899 രൂപക്കുള്ള വ്യക്തിഗത പ്ലാന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷനുള്ള പോസ്റ്റ്മാനെ സമീപിക്കാം. 18 മുതല്‍ 60 വയസ്സ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായപരിധി. മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായവര്‍ക്കും ഈ പദ്ധതികളില്‍ ചേരാം.

ഏമ്പേറ്റ് ജംഗ്ഷനിൽ ദേശീയപാത മേൽപ്പാലത്തിന് അനുമതി

നിർമ്മാണം നടന്നുവരുന്ന ദേശീയപാത 66ൽ തളിപ്പറമ്പ്-പയ്യന്നൂർ സ്‌ട്രെച്ചിൽപ്പെടുന്ന ഏമ്പേറ്റ് ജങ്ഷനിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകാൻ കഴിയുന്ന മേൽപ്പാലം നിർമ്മിക്കുന്നതിന് അനുമതി നൽകി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള പ്രത്യേക ഉത്തരവ് പ്രകാരം ഏമ്പേറ്റ് ജങ്ഷനിൽ മേൽപ്പാലം നിർമ്മിക്കാനുള്ള തീരുമാനം എടുത്തത്. 10 മീറ്റർ വീതിയിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകാൻ ഉതകുന്ന വിധത്തിൽ മേൽപ്പാലം നിർമ്മിക്കാനാണ് അനുമതി.
തളിപ്പറമ്പ്-പയ്യന്നൂർ സ്‌ട്രെച്ചിലെ പ്രധാന ജങ്ഷനായ ഏമ്പേറ്റിൽ ദേശീയപാത സാധാരണ ഭൂനിരപ്പിനേക്കാൾ അഞ്ചു മീറ്ററോളം താഴ്ചയിലാണ് കടന്നുപോകുന്നത്. ഇരുവശങ്ങളിലുള്ള സർവീസ് റോഡുകൾ സാധാരണ ഭൂനിരപ്പിലുമാണ്. അതിനാൽ, കാൽനടയാത്രക്കാർക്കോ സർവീസ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾക്കോ ദേശീയപാത മുറിച്ചു കടക്കുന്നതിന് മാർഗമില്ല. മേൽപ്പാലത്തിനായി പ്രക്ഷോഭത്തിലായിരുന്ന നാട്ടുകാരുടെ ആവശ്യപ്രകാരമാണ് എംപിമാരായ ഡോ. ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ എന്നിവർ ഈ വിഷയത്തിൽ ഇടപെട്ടത്. എംപിമാർ 2024 ഡിസംബർ 12ന്  കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വാക്കാൽ ഉറപ്പും നൽകി.
പിന്നീട് ഡോ.ജോൺ ബ്രിട്ടാസ് എം.പി 2025 ജനുവരി മാസത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുകയും തുടർ നിവേദനം നൽകുകയും ചെയ്തു. ഇതേതുടർന്ന്, ദേശീയപാത അതോറിറ്റി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകി ഏമ്പേറ്റ് ജങ്ഷനിൽ മേൽപ്പാലം നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി കേരള റീജിയൺ തീരുമാനിച്ചത്. ദേശീയപാത അതോറിറ്റി കേരള റീജിയണൽ ഓഫീസിൽ നിന്നും കേന്ദ്രമന്ത്രാലയം ചീഫ് ജനറൽ മാനേജർക്ക് ഇതു സംബന്ധിച്ച് കത്തയച്ചിട്ടുമുണ്ട്.
ഏമ്പേറ്റിൽ മേൽപ്പാലവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. വി.ശിവദാസൻ എം പി ഡിസംബർ ആറിന് രാജ്യസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. തുടർന്ന്  കഴിഞ്ഞ ദിവസം ഫിബ്രവരി രണ്ടിന് വി. ശിവദാസൻ എം പി ഏമ്പേറ്റിലെ സമരപന്തൽ സന്ദർശിച്ച് മേൽപ്പാലം നിർമ്മിക്കുവാൻ നടപടികൾ ആരംഭിച്ചതായുള്ള വിവരം ജനങ്ങൾക്ക് മുമ്പാകെ അറിയിച്ചു.

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ജൂനിയർ ഫൈനൽ ശനിയാഴ്ച

കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ജൂനിയർ വിഭാഗം സെമിഫൈനൽ മത്സരങ്ങൾ ശനിയാഴ്ച കക്കാട് ഡ്രീം ബാഡ്മിന്റൺ അരീന ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെമിയിൽ തിരുവനന്തപുരം കോഴിക്കോടിനെയും എറണാകുളം കണ്ണൂരിനെയു നേരിടും. ഫൈനൽ മത്സരം ഉച്ചക്ക് നടക്കും.
ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം തൃശ്ശൂരിനെയും (സ്‌കോർ 3-0) എറണാകുളം പാലക്കാടിനെയും (3-0) കണ്ണൂർ കോട്ടയത്തേയും (3-0) കോഴിക്കോട് കൊല്ലത്തേയും (3-1) തോൽപിച്ചാണ് സെമിയിൽ കടന്നത്.
ചാമ്പ്യൻഷിപ്പിന്റെ ജൂനിയർ വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കണ്ണൂർ സിറ്റി അഡീഷണൽ എസ്പി കെ.വി വേണുഗോപാലൻ ഉദ്ഘടനം ചെയ്തു. അബ്ദുൾ അസീസ് അധ്യക്ഷനായി. ഡോ. അനിൽ രാമചന്ദ്രൻ, ഡോ. പി കെ ജഗന്നാഥൻ, മമ്പറം ദിവാകരൻ, ബാബു പന്നരി എന്നിവർ പങ്കെടുത്തു.

ദേശീയ യൂത്ത് സെമിനാർ: അപേക്ഷകൾ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് മൂന്ന്, നാല് തീയതികളിൽ മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാദമിക്, അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്കും തൊഴിൽ-തൊഴിൽ അവകാശങ്ങൾ, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡാറ്റക്കൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിൽ നേരിട്ടോ നൽകാം. ഫോൺ, 8086987262, 0471-2308630

ഇൻസ്ട്രക്ടർ നിയമനം

തോട്ടട ഗവ ഐ ടി ഐ യിൽ ടെക്നീഷ്യൻ മെക്കട്രോണിക്സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ടെക്നീഷ്യൻ മെക്കാട്രോണിക് ട്രേഡിലെ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാട്രോണിക്/മെക്കാനിക്കൽ/ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ഫെബ്രുവരി 14ന് രാവിലെ 10.30 ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ-04972835183.

ദർഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തലശ്ശേരി മുൻസിപ്പൽ ടി ബി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന തലശ്ശേരി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 146 അങ്കണവാടികൾക്ക് 2024-25 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീ-സ്‌കൂൾ എജുക്കേഷൻ കിറ്റുകൾ വാങ്ങുന്നതിന് ജി എസ് ടി രജിസ്‌ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഫെബ്രുവരി 22 ന് ഉച്ചക്ക് രണ്ട് വരെ ദർഘാസ് സ്വീകരിക്കും. ഫോൺ : 04902344488

റസിഡൻറ്‌സ് അസോസിയേഷൻ  ജില്ലാതല യോഗം

ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ റസിഡൻറ്‌സ് അസോസിയേഷനുകളുടെയും ഭാരവാഹികളുടെ യോഗം ഫെബ്രുവരി 20ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് യോഗം. റസിഡൻറ്‌സ് അസോസിയേഷനുകളുടെ പ്രസിഡണ്ട്, സെക്രട്ടറിമാരാണ് പങ്കെടുക്കേണ്ടത്. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ റസിഡൻറ്‌സ് അസോസിയേഷനുകൾക്ക് സ്റ്റാർ പദവി നല്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും