എ ഐ ക്യൂരിയസിൽ നിന്നും എ ഐ സീരിയസ്’ ആവാം; കുട്ടികൾക്ക് അറിവും അനുഭവവുമായി എഐ സെമിനാർ

എനിക്ക് പാട്ടുപാടാനറിയില്ല, എന്നാൽ എന്റെ ശബ്ദത്തിൽ എഐ ടൂൾ ഉപയോഗിച്ച് നമുക്കൊരു പാട്ടു കേട്ടാലോ’-യുട്യൂബറും ഇൻഫ്‌ലുവൻസറും ടെഡെക്‌സ് സ്പീക്കറുമായ റൗൾ ജോൺ അജു ചോദിച്ചപ്പോൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം. ക്വാണ്ടം മെക്കാനിക്‌സിനെ കുറിച്ച് മലയാളത്തിൽ സംസാരിക്കാമോ എന്ന് എഐ ടൂളിനോട് റൗൾ ചോദിച്ചപ്പോൾ ഉടൻ വരുന്നു മറുപടി. അപ്പോൾ ഏവർക്കും ആകാംക്ഷ. വിവിധ എഐ ടൂളുകൾ ഉപയോഗിച്ച് താൻ നിർമ്മിച്ച വീഡിയോകളും ഇമേജുകളും പ്രദർശിപ്പിച്ചപ്പോൾ കണ്ടിരുന്നവർക്കാകെ അത്ഭുതം.
കല്ല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) സെമിനാറിലും സംവാദത്തിലും പങ്കെടുത്ത് ക്ലാസ് കൈകാര്യം ചെയ്തറൗൾ ജോൺ അജു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുത്തൻ അറിവുകൾ പകർന്നുനൽകിയത് കുട്ടികൾക്ക് അറിവും അനുഭവവും പകർന്നു.
നമ്മളറിയാതെ തന്നെ ഓരോരുത്തരും നിരന്തരം എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും യൂട്യൂബ് കാണുമ്പോഴും ഫോൺ ഫേസ് അൺലോക്ക് ഉപയോഗിച്ച് തുറക്കുമ്പോഴും ഓരോരുത്തരുടെയും അഭിരുചി അനുസരിച്ചുള്ള ഫീഡുകൾ വരുന്നതിന്റെ പിന്നിലും പ്രവർത്തിക്കുന്നത് എഐ തന്നെയാണെന്ന് റൗൾ ചൂണ്ടിക്കാട്ടി. എഐ ഉപയോഗിച്ച് നമുക്ക് അറിയാത്ത ഭാഷ സംസാരിക്കാമെന്നും വീഡിയോ എഡിറ്റിംഗ് നടത്താമെന്നും റൗൾ പറഞ്ഞു. പഠനാവശ്യത്തിന് മാത്രമല്ല, അധ്യാപനത്തിനും ഉപയോഗിക്കാമെന്നും യുഎസിലും യുകെയിലുമുള്ള വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കും ക്ലാസെടുക്കാൻ അവസരം ലഭിച്ച 15 വയസ്സുകാരൻ റൗൾ പറഞ്ഞു.  

വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ കരിയർഅവസരങ്ങളും അതിന്റെ പ്രാധാന്യവുംമനസ്സിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി വിപുലമായ സെമിനാർ സംഘടിപ്പിച്ചത്. 500 ലധികം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.
എരിപുരം മാടായി ബാങ്ക് പി സി സി ഹാളിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
എല്ലാ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറ്റം കൊണ്ടുവരികയാണെന്നും കല്ല്യാശേരി മണ്ഡലത്തിൽ ഒരു സ്‌കൂളിൽ എഐ ലാബ് സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വരുൺ അരോളി കരിയർ അവസരങ്ങൾ സംബന്ധിച്ച ക്ലാസ് എടുത്തു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സി എം എ -യു എസ് എ സ്‌കോളർഷിപ്പ് നേടിയ 16 വിദ്യാർത്ഥികളെയും എം എൽ എ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജൻ വലിയ പറമ്പ്, സമഗ്ര ശിക്ഷ കേരള ജില്ലാ പോഗ്രാം ഓഫീസർ ഡോ. രാജേഷ് കടന്നപ്പള്ളി, നെസ്റ്റ്‌ജെൻ അക്കാദമി ഓപ്പറേഷൻ ഹെഡ് ഇഷാദ് മുഹമ്മദ്, ഡോ. എ പി റാഷിദ്, റെക്‌സ അക്കാദമി ഫൗണ്ടർ അഭിജിത്ത്, അക്ഷയ് സത്യൻ എന്നിവർ സംസാരിച്ചു.

 

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു