തലശ്ശേരി വയലളം മണോളിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്.ഐ.ക്കും മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിന് 27 സി.പി.എം. പ്രവർത്തകർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. എസ്.ഐ. അഖിൽ, പോലീസ് ഉദ്യോഗസ്ഥരായ ഹെബിൻ, പ്രജീഷ്, ഷിബിത്ത് എന്നിവരാണ് ബുധനാഴ്ച രാത്രി കൈയേറ്റത്തിനിരയായത്. ഇവർ തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി. ഈ സംഭവത്തിൽ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത സി.പി.എം. പ്രവർത്തകനെ മോചിപ്പിച്ചുകൊണ്ടുപോയതിന് 55 സി.പി.എം. പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി 12-ന് ക്ഷേത്ര തിരുമുറ്റത്ത് ബി.ജെ.പി.-സി.പി.എം. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായപ്പോൾ ഇടപെട്ട പോലീസിനെ സി.പി.എം. പ്രവർത്തകർ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിലുൾപ്പെട്ട സി.പി.എം. പ്രവർത്തകൻ ദിപിനെ വ്യാഴാഴ്ച ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ദിപിൻ വ്യാഴാഴ്ചയും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ. വി.വി.ദീപ്തിയുടെ നേതൃത്വത്തിലാണ് ദിപിനെ കസ്റ്റഡിയിലെടുത്തത്. ദിപിനെ പോലീസ് ജീപ്പിലെത്തിച്ചപ്പോൾ 50-ഓളം പേർ ജീപ്പ് തടഞ്ഞു. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടിയതോടെ പോലീസ് ജീപ്പിന് പുറത്തുകടക്കാനായില്ല. ഇതിനിടയിൽ ദിപിനെ ബലമായി മോചിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു. ഉത്സവപ്പറമ്പിൽ സംഭവസമയത്ത് സ്ത്രീകളും കുട്ടുകളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ഉണ്ടായിരുന്നതിനാൽ സുരക്ഷ മുൻനിർത്തി സംയമനം പാലിച്ചതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കാവ് കയറ്റത്തോടെയാണ് ഉത്സവം തുടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് ഉത്സവം സമാപിച്ചു.