​ കക്കട്ടിൽ അങ്ങാടിയിൽ വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ

തിങ്കളാഴ്ച വൈകീട്ട്​ കക്കട്ടിൽ അങ്ങാടിയിൽ വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. മധുകുന്ന്​ പുന്നൂപറമ്പത്ത്​ ഗംഗാധരനെ (65) ആക്രമിച്ച കേസിൽ കക്കട്ടിൽ സ്വദേശി ലിനീഷിനെയാണ്​ സി.ഐ എ.പി. കൈലാസ്​നാഥ്​ അറസ്റ്റ്​ ചെയ്തത്​.പരിസരത്തെ കടകളിൽ നിന്ന്​ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ പ്രതി പിടിയിലായത്​. കടലാസിൽ പൊതിഞ്ഞ വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച പ്രതി, ഇടവഴിയിൽ കയറി മഴക്കോട്ട് ധരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മുഖം മാസ്ക് കൊണ്ട് മറച്ച് കടലാസിൽ പൊതിഞ്ഞ കൊടുവാളുമായി വന്നാണ് ആളുകൾ നോക്കിനിൽക്കെ പ്രതി ആക്രമിക്കുന്നത്. സംഭവ ശേഷം വയനാട്ടിലേക്ക്​ രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നാണ്​ പിടിയിലാവുന്നത്​. ആക്രമിക്കാനുള്ള കാരണം എന്തെന്ന്​ പൊലീസ്​ അന്വേഷിച്ച്​ വരികയാണ്. ഗംഗാധരന്റെ ബന്ധുവിന്റെ വീട്ടിൽ സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി യോഗം നടത്തിയതുമായി ബന്ധപ്പെട്ട്​ നേരത്തെ നടന്ന തർക്കങ്ങളും അടിപിടിയുമാണ്​ അക്രമത്തിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസിന്റെ നിഗമനം. യോഗം നടത്തുന്നത്​ ഗംഗാധരനും ബി.ജെ.പി പ്രവർത്തകനായ മകൻ ലകേഷും​ എതിർത്തിരുന്നു. തുടർന്ന്​ വാക്കേറ്റവും അടിപിടിയും ഉണ്ടായതായും മകനെതിരെ സി.പി.എമ്മുകാരുടെ പരാതി പ്രകാരം കേസെടുത്തിരുന്നതായും പൊലീസ്​ പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും