വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയിൽ ചേർത്തതെന്ന് അദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് വിഡി സതീശൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാർട്ടിക്ക്. കോടിയേരിയുടെ മകൻ കേസിൽ പെട്ടപ്പോൾ പാർട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസ് വന്നപ്പോൾ പാർട്ടി ഒപ്പം നിൽക്കുകയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.