വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഇലക്ട്രോണിക് വീല്‍ചെയറിന് അപേക്ഷിക്കാം

എം പി എല്‍ എ ഡി എസ് പദ്ധതി പ്രകാരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യും. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ 10, 11, 33, 40 വാര്‍ഡുകള്‍, കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ പെരളം കൊഴുമ്മല്‍ വാര്‍ഡ്, മാടായി ഗ്രാമപഞ്ചായത്തിലെ 14 -ാം വാര്‍ഡ്, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ തെക്കുമ്പാട് വാര്‍ഡ്, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 14 -ാം വാര്‍ഡ്, മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 15 -ാം വാര്‍ഡ് എന്നിവിടങ്ങളിലെ നാല്‍പ്പത് ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം ഏപ്രില്‍ പത്തിന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ എത്തിക്കണം.
ഫോണ്‍: 8281999015

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ് പദ്ധതി – വെബിനാര്‍

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ് പദ്ധതിയെക്കുറിച്ച് യുവജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ട്രെയിനിങ് റിസേര്‍ച് എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാര്‍ നടത്തുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 21 നും 24 വയസ്സിനുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് രാജ്യത്തെ നവരത്‌ന കമ്പനികള്‍, ബാങ്കിങ് മേഖല, ഓയില്‍ കമ്പനികള്‍ തുടങ്ങിയ 24 മേഖലകളിലാണ് അവസരം. പഠനത്തിന്റെ ഭാഗമായി നടത്തുന്ന രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തെരഞ്ഞെടുക്കപ്പെട്ടാല്‍ കുറഞ്ഞത് 5000 രൂപ വരെ പ്രതിമാസ സ്റ്റെപ്പന്റും ലഭിക്കും. പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 15 നകം ceo.sarovaram@gmail.com എന്ന ഇമെയിലില്‍ ബയോഡാറ്റയോ 9400598000 എന്ന നമ്പരില്‍ PMI എന്ന് സന്ദേശം അയക്കുകയോ ചെയ്യാം.

അസാപ് കേരള തൊഴില്‍ മേള ഏപ്രില്‍ 12 ന്

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള  പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12ന് ജോബ് ഫെയര്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 12 ന് രാവിലെ 9.30 ന് പാലയാട്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/TtkYmYZH2Tnh4J5v7 എന്ന ലിങ്ക് വഴിയോ  9495999712 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്‌സ്ആപ്പ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം.

ടെണ്ടര്‍ ക്ഷണിച്ചു

പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളി ടെക്‌നിക്ക് കോളേജിലെ സ്‌കൂള്‍ ബസ്സിലേക്ക് സിസിടിവി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളി ടെക്‌നിക്ക് കോളേജ്, പയ്യന്നൂര്‍ – 670307 എന്ന വിലാസത്തില്‍ ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ ലഭിക്കണം.

കണ്ണൂര്‍ ജില്ലാ ബാലസഭ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയുടെ തെരഞ്ഞെടുപ്പ് എല്ലാ വാര്‍ഡുകളിലും ഏപ്രില്‍ എട്ട് ചൊവ്വാഴ്ച നടക്കും. ത്രിതല സംഘടനാ സംവിധാനത്തിലാണ് ബാലസഭകള്‍ പ്രവര്‍ത്തിക്കുന്നത്. നേതൃനിരയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ രണ്ടു പേര്‍ നിര്‍ബന്ധമായും പെണ്‍കുട്ടികള്‍ ആയിരിക്കും. പ്രസിഡന്റ്, സെക്രട്ടറി എന്നിവരില്‍ ഒരാളും പെണ്‍കുട്ടി ആകണം. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലസമിതിയുടെ തെരഞ്ഞെടുപ്പ് മെയ് മൂന്നിനും തദ്ദേശ സ്ഥാപന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാല പഞ്ചായത്ത്/ബാല നഗരസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനും നടക്കും. ബാല പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടാതെ നാല് സ്ഥിരം സമിതി അംഗങ്ങള്‍ കൂടി ഉണ്ടാകും.

കുടിശ്ശിക അടയ്ക്കാനുള്ള തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് വര്‍ഷ കാലയളവ് വരെയുള്ള കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയ പരിധി ഏപ്രില്‍ 30 വരെ നീട്ടി. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
email:kmtknr@gmail.com
Phone No: 0497-2705197

ലേലം

കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം ഉദയഗിരി വില്ലേജില്‍ അരങ്ങം ദേശത്ത് റീ സര്‍വെ നമ്പര്‍ 23/1 ല്‍ പെട്ട 0.025954 ഹെക്ടര്‍ വസ്തു മെയ് ആറിന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഉദയഗിരി വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും