സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററുകളിൽ ട്രെയിനർ ഒഴിവ്
പൊതുവിദ്യാസവകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർമാരുടെ ഒഴിവുണ്ട്. ദേശീയ യോഗ്യത രജിസ്റ്ററിലെ നിഷ്കർഷിച്ച യോഗ്യതയുള്ളവർ അല്ലെങ്കിൽ അതത് സെക്‌ടർ സ്കിൽ കൗൺസിൽ അംഗീകരിക്കുന്ന യോഗ്യത ഉള്ളവരായിരിക്കണം. പ്രായപരിധി 18 വയസ്സിനു മുകളിൽ ട്രെയിനർ ഒഴിവുള്ള ജോബ്റോളുകൾ താഴെകൊടുക്കുന്നു. അപേക്ഷകർ 2025 ജൂൺ 12 -നകം ssakannur@gmail.com എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദാംശങ്ങൾക്ക് സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in വെബ്സൈറ്റ് സന്ദർശിക്കുക.
ജോബ് റോൾ- എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ ടെക്നീഷ്യൻ, കോസമറ്റോളജിസ്റ്റ്, സി സി ടി വി ഇൻസ്റ്റലേഷൻ, ഡ്രോൺ സർവ്വീസ് ടെക്നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക്ക് ടെക്‌നീഷ്യൻ, അനിമേറ്റർ, ജി എസ് ടി അസിസ്റ്റന്റ്
കണ്ടിജൻ്റ് ജീവനക്കാരെ നിയമിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യത്തിൻ്റേയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടേയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് 50 കണ്ടിജൻ്റ് ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നു. ജൂൺ 13ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തുന്നു.
യോഗ്യത: 50 വയസ്സിന് താഴെ ഉള്ളവരും,10ാം ക്ലാസ് വിജയിച്ചവരും ആയിരിക്കണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻ പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, ആധാർ കാർഡ് ഒരു ഫോട്ടോ സഹിതം ഹാജരാകേണ്ടതാണ്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കണ്ണൂർ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തുക. ഫോൺ: 04972 700709, 700194
ലഹരി മുക്ത കണ്ണൂർ: ജില്ലാ തല പരിശീലന പരിപാടി
നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും സംഘടിപ്പിക്കുന്ന ലഹരി മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർ, ജെന്റർ കമ്മ്യൂണിറ്റി കൗൺസിലർമാർ, ബാലസഭ പരിശീലകർ എന്നിവർക്കുള്ള ജില്ലാതല പരിശീലന പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു. അസി. കലക്ടർ എഹ്തദെ മുഫസിർ അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ മെന്റൽ ഹെൽത്ത് പ്രോഗ്രാം ജില്ലാ നോഡൽ ഓഫീസർ ഡോ വീണ ഹർഷൻ, ലഹരി ഉപയോഗം നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും എന്ന വിഷയത്തിൽ ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം സൈക്യാട്രിക് സോഷ്യൽ വർക്കർ കെ.വി നിഖിത വിനോദ്, മയക്കു മരുന്നിനെതിരെയുള്ള നിയമങ്ങളും ശിക്ഷയും എന്ന വിഷയത്തിൽ എക്സൈസ് വകുപ്പ് മാനേജർ സലിം കുമാർ ദാസ് എന്നിവരും ക്ലാസെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ലഹരി ഉപയോഗം തടയാനുള്ള കർമ്മപരിപാടികൾ എന്നെ വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ നോഡൽ ഓഫീസർ പി കെ നാസർ, കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ വിജിത്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജില്ലാ കോ ഓർഡിനേറ്റർ ശ്രീജിന, മാനേജർ ജെൻഡർ കമ്മ്യൂണിറ്റി കൗൺസിലർ കെസി നീതു, ബാലസഭ മാനേജർ പി വിനീഷ്, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓർഡിനേറ്റർ കെ ബേബി ജോൺ എന്നിവർ സംസാരിച്ചു.
ആർദ്രദീപം മാസ്റ്റർ വോളണ്ടിയർമാർക്ക് പരിശീലനം നൽകി
തലശ്ശേരി മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ആർദ്രദീപം മാസ്റ്റർ വോളണ്ടിയർമാർക്കുള്ള പരിശീലനം നൽകി. ജില്ലാ ആസൂത്രണസമിതി മിനി കോൺഫറൻസ് ഹാളിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ്കലക്ടർ കാർത്തിക് പാണിഗ്രഹി അധ്യക്ഷത വഹിച്ചു. വയോജന സംരക്ഷണ നിയമ ബോധവൽക്കരണം, വയോജന സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുന്നവർക്ക് ആവശ്യമായ വിഭവസമാഹരണം,
ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്ക് മാനസിക പിന്തുണ നൽകൽ എന്നീ ദൗത്യങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്.
ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ഗവ വൃദ്ധസദനം സൂപ്രണ്ട് രാധിക, ജില്ലാ വയോജന കമ്മിറ്റി അംഗം കെ ലീല, പ്രോബഷൻ ഓഫീസർ കെ ശുഹൈബ്, എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ എൻ നിധീഷ്, ആർ ഡി ഒ ടെക്നിക്കൽ അസിസ്റ്റന്റ് പി നിഖിൽ എന്നിവർ സംസാരിച്ചു
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം 13 ന്
ജൂണ്‍ ഏഴിന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 13 ന് രാവിലെ 10.30ന് നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികളും വികസന സമിതി അംഗങ്ങളും പങ്കെടുക്കണം.
അഡ്‌ഹോക് ടെക്‌നിക്കല്‍ സ്റ്റാഫ് പാനല്‍ അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും വരുന്ന അക്കാദമിക വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായുള്ള അഡ്‌ഹോക് ടെക്‌നിക്കല്‍ സ്റ്റാഫിന്റെ പാനല്‍ ഉണ്ടാക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ജൂണ്‍ 17 ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ അതാത് വകുപ്പ് തലവന്‍മാര്‍ക്കു മുമ്പായി എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കും നേരിട്ട് ഹാജരാകണം.
സി ഡിറ്റില്‍ മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്‍ (കെകെഇഎം) കീഴില്‍ വരുന്ന കെ-ഡിസ്‌ക് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കോഴ്‌സിനായി അപേക്ഷിക്കുന്നവരില്‍ നിന്നും യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷന്‍, ഫിലിം-ടെലിവിഷന്‍ പ്രൊഡക്ഷന്‍, ഗ്രാഫിക്‌സ്/അനിമേഷന്‍, സോഷ്യല്‍ മീഡിയ കണ്ടെന്റ് ക്രിയേഷന്‍ ആന്റ് പ്രൊഡക്ഷന്‍ തുടങ്ങി ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 20. വെബ് സൈറ്റ് : https://mediastudies.cdit.org
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിലെ അഞ്ച് സമുദായങ്ങളായ അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കള്ളാടി വിഭാഗക്കാര്‍ക്കായി പ്രത്യേകം നടപ്പിലാക്കുന്ന 2025-2026 ലെ വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, സ്വയം തൊഴില്‍, കൃഷിഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിര്‍മ്മാണം, സ്വയംതൊഴില്‍ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. വകുപ്പ് നടപ്പിലാക്കുന്ന ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പഠനമുറി പദ്ധതിക്ക് അഞ്ച് മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപ അനുവദിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണം/ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവരാകരുത്. സ്വയം തൊഴില്‍ പദ്ധതിക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. പ്രായപരിധി 18 മുതല്‍ 60 വരെ. വരുമാന പരിധി ഒരു ലക്ഷം രൂപ. അപേക്ഷ ഫോം ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 0497 2700596
താൽക്കാലിക നിയമനം
കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍, ലീവ് വേക്കന്‍സിക്കു സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി സീനിയര്‍ തസ്തികയില്‍ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത എംഎസ്‌സി കെമിസ്ട്രി, ബിഎഡ്, സെറ്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സലും പകര്‍പ്പും സഹിതം കൃത്യസമയത്ത് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04972712921
താലൂക്ക് ദേവസ്വം പട്ടയങ്ങളുടെ വാദം ജൂലൈ 17 ന്
കണ്ണൂര്‍ കലക്ടറേറ്റില്‍ ജൂണ്‍ ആറ്, 16, 26 തീയതികളില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി ജൂലൈ 17 ലേക്ക് മാറ്റിയതായി ഹെഡ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ആന്റ് ജൂനിയര്‍ സൂപ്രണ്ട് (റവന്യൂ റിക്കവറി) അറിയിച്ചു.
ഡാക്ക് അദാലത്ത്
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ ‘ഡാക്ക് അദാലത്ത്’ ജൂലൈ ആറിന് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലം പോസ്റ്റാഫീസ് സൂപ്രണ്ട് ഓഫീസില്‍ നടക്കും. മെയില്‍, സ്പീഡ് സര്‍വ്വീസ്, പാഴ്‌സല്‍ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്‌സ് ബാങ്ക്, മണിയോര്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. വകുപ്പ് വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങളെക്കുറിച്ച് പരാതി ഉള്ളവര്‍ ജൂലൈ ആറിന് മുമ്പ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001, എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ ഡാക്ക് അദാലത്ത് എന്ന് എഴുതണം.
നൃത്ത അദ്ധ്യാപകന്റെ ഒഴിവ്
തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നൃത്ത അദ്ധ്യാപകന്റെ ഒഴിവിലേക്ക് ഡിഗ്രി/ഡിപ്ലോമ ഇന്‍ ഡാന്‍സ് യോഗ്യതയുളള തലശ്ശേരി താലൂക്കില്‍ താമസക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 20 നകം തലശ്ശേരി ടൗണ്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ.
അപ്ലൈഡ് സയന്‍സ് കോളേജില്‍ യു.ജി/പി.ജി പ്രവേശനം
ഐഎച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോംവിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി.എഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, കോഴ്‌സുകളില്‍ കോളേജ് നേരിട്ട് നടത്തുന്ന 50 ശതമാനം സീറ്റിലേക്കുളള പ്രവേശനം ആരംഭിച്ചു. https://ihrdadmissions.org/
എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ ലൈനായോ കോളേജ് ഓഫീസില്‍ നേരിട്ട് വന്നോ അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി/എസ്ടി/ഒഇസി/ഒബിഎച്ച് ആന്റ് ഫിഷര്‍മാന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 04972877600, 8547005059, 9605228016