ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെത്തുടര്‍ന്നാണ് നടപടി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍ ബോംബ് വെച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ പൊലീസിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

നേരത്തേ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയുടെ പതിനാറ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെ അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. യാത്ര റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കും. അല്ലാത്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗ് തിരഞ്ഞെടുക്കാം. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും