ആൾക്കൂട്ട വിചാരണ; കായലോട് യുവതി ജീവനൊടുക്കി

കായലോട് പറമ്പായിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യക്ക് പിന്നിൽ ആൾക്കൂട്ട വിചാരണയെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കായലോട്- പറമ്പായിലെ റസീന മൻസിലിൽ റസീനയെയാണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വിസി മുബഷീർ, കണിയാന്റെ വളപ്പിൽ കെഎ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വികെ റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തിരുന്നു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള ബിഗ് നഴ്സറിക്കടുത്തുള്ള മൈതാനത്തെത്തിക്കുകയുമായിരുന്നു. തുടർന്ന് അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി.

രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിൻ്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സിഐ എൻ അജീഷ് കുമാർ പറഞ്ഞു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു