അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി കവർച്ച; വിരുതൻ കണ്ണൂരിൽ പിടിയിൽ

അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി വീടുകളിലെത്തി സ്വർണാഭരണങ്ങൾ കവരുന്ന വിരുതൻ പിടിയിൽ. വളപട്ടണം മന്ന മായിച്ചാൻകുന്നിലെ അലീന മൻസിൽ മുഹമ്മദ് താഹ (51)യെയാണ് ടൗൺ എസ്െഎ വി.വി.ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. സ്ത്രീകളും പ്രായമായവരും മാത്രമുള്ള വീടുകളിലാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

തളാപ്പിലെ വൃദ്ധദമ്പതിമാരുടെ ഒരുപവൻ മോതിരം പ്രതി കൈക്കലാക്കി രക്ഷപ്പെട്ടു. വി.വി.രാധാകൃഷ്ണന്റെ പരാതിപ്രകാരം ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. വീടും പരിസരവും നിരീക്ഷിച്ചശേഷമാണ്‌ പ്രതി വീട്ടിലേക്കെത്തിയത്. നിങ്ങളുടെ അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വീട്ടിലേക്കെത്തിയത്. എന്നാൽ ഇങ്ങനെയൊരു ബന്ധുവിനെ അറിയില്ലെന്ന് വീട്ടുകാർ അറിയിച്ചെങ്കിലും മറന്നുപോയതാകാമെന്ന ആശ്വാസവാക്കാണ് പ്രതി പറഞ്ഞത്. താൻ ജൂവലറി നടത്തുന്നയാളാണെന്നും നിരവധി പുതിയ മോഡൽ‌ മോതിരം കടയിലുണ്ടെന്നും എന്നാൽ പഴയ മോഡലിനാണ് ആവശ്യക്കാർ എറെയുള്ളതെന്നും അതുകൊണ്ട് നിങ്ങളുടെ കൈവിരലിലെ മോതിരം ഒന്ന് കാണിച്ച് ഫോട്ടോ എടുക്കാനാണ് എത്തിയതെന്നും പ്രതി ദമ്പതിമാരെ പറഞ്ഞുവിശ്വസിപ്പിച്ചു.

ഇതേത്തുടർന്ന് ഇരുവരുടെ അരപ്പവൻ വീതമുള്ള വിവാഹമോതിരം അഴിച്ച് നൽകി. ഇതിനിടയിൽ ദമ്പതിമാരുടെ മകൻ വീട്ടിലെത്തി. മോതിരം കൈക്കലാക്കിയതോടെ പ്രതി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മകൻ പിന്തുടർന്നെങ്കിലും പിടിക്കാനായില്ല. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ലോഡ്ജിൽ വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഇതിന് മുൻപും സമാനമായ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസ് ഉൾപ്പെടെ വിവിധ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു