കണ്ണീരോർമയായി മിഥുൻ; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്.

വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം നടന്നത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) വെെദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.

വിദേശത്ത് ജോലി ചെയ്തിരുന്ന അമ്മ സുജ വരുന്നതിന് വേണ്ടിയാണ് സംസ്‌കാര ചടങ്ങുകള്‍ നീണ്ടത്. ഇന്ന് രാവിലെ സുജ നാട്ടിലെത്തി. മിഥുന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരുന്നു. മിഥുന്റെ ചേതനയറ്റ ശരീരം സ്‌കൂളിലേക്ക് എത്തിച്ചപ്പോള്‍ സഹപാഠികളുടേയും അധ്യാപകരുടേയും സങ്കടം അണപൊട്ടി. സ്‌കൂള്‍ പരിസരം കണ്ണീര്‍ക്കടലായി.

സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം വിളന്തറയിലെ വീട്ടിലെത്തിച്ചത്. അതിവൈകാരിക നിമിഷങ്ങള്‍ക്കായിരുന്നു വിളന്തറയിലെ മിഥുന്റെ വീടായ മനുഭവനും സാക്ഷിയായത്. മിഥുന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ വീട്ടിലേക്ക് ഒഴുകിയെത്തി. മിഥുന്റെ മൃതദേഹത്തിന് സമീപം നിര്‍വികാരയായി സുജ ഇരുന്നത് കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ക്കാഴ്ചയായി. ഒടുവില്‍ അന്ത്യചുംബനം നല്‍കി അച്ഛന്‍ മനുവും അമ്മ സുജനും അനുജനും മുത്തശ്ശിയും മറ്റ് ബന്ധുക്കളും മിഥുനെ യാത്രയാക്കി.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്. കെഎസ്ഇബിയില്‍ നിന്ന് അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛദിച്ച് മിഥുനെ താഴെയിറക്കി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂള്‍ മാനേജരാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും