അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന് മുറിച്ചുമാറ്റിയിരുന്നു.സന്ധ്യയുടെ ചികിത്സാ ചിലവ് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയക്ടർക്ക് നിർദേശം നൽകിയതായാണ് വിവരം. അടിയന്തര സഹായം ഇന്ന് കൈമാറിയേക്കും. ഇടുക്കി ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുമായി സംസാരിച്ചു.
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.