ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാല വി സി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
തീരുമാനം നീളുന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. വിസി നിയമനത്തിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നാണ് സുപ്രീം കോടതി ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
കേരളത്തിലെ സർവകലാശാലകളിലെ വിസി നിയമനത്തിൽ സംഘപരിവാർ അജണ്ടകളുമായി ഗവർണർ മുന്നോട്ട് പോയ സാഹചര്യത്തിൽ ആയിരുന്നു സംസ്ഥാന സർകാർ നിയമപോരാട്ടം നടത്തിയതും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ സെർച്ച് കമ്മറ്റിയുടെ ചെയർപേഴ്സൺ ആയി സുപ്രീം കോടതി നിയമിച്ചതും… സംസ്ഥാന സർക്കാറിന്റെ ആവശ്യം കൂടി അംഗീകരിച്ചായിരുന്നു തീരുമാനം. സർവകലാശാലയിലെ വീസികളുടെ കാര്യത്തിൽ രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി അന്ന് നിർദ്ദേശം നൽകിയിരുന്നു. സെർച്ച് കമ്മറ്റി അംഗീകരിച്ച പാനൽ മുഖ്യമന്ത്രിക്ക് നൽകുകയും ആ പാനലിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് ഗവർണർക്ക് നിർദേശമായി സമർപ്പിക്കാൻ ആയിരുന്നു ഉത്തരവ്. നിർദ്ദേശം നൽകി മൂന്നുമാസം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടായില്ല. ഇതോടെയാണ് സംസ്ഥാന സർക്കാർ വിഷയം വീണ്ടും കോടതിയിൽ ഉന്നയിച്ചത്.
ഗവർണറുടെ നടപടിയിൽ രൂക്ഷ വിമർശനം രേഖപ്പെടുത്തിയ ജസ്റ്റിസ് പാർദിവാല അടങ്ങിയ ബെഞ്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമനം നടത്താൻ നിർദ്ദേശം നൽകി. നിയമനത്തിന് ആവശ്യമായ രേഖകൾ കിട്ടിയിട്ടില്ലെന്ന് ഗവർണർ അറിയിച്ചു. എന്നാൽ ജസ്റ്റിസ് ദുലിയ നൽകിയത് വെറും കടലാസ് കഷണം അല്ലെന്ന് ആയിരുന്നു കോടതിയുടെ മറുപടി. ജസ്റ്റിസ് ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.