റീകൗണ്ടിങ്ങിലും എൽഡിഎഫ് തന്നെ; കാസർഗോഡ് ജില്ലാ പഞ്ചായത്ത് ബേക്കൽ ഡിവിഷൻ എൽഡിഎഫ് വിജയിച്ചു

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തന്നെ. റീ കൗണ്ടിങ്ങിലും ബേക്കല്‍ ഡിവിഷന്‍ എല്‍ഡിഎഫിനൊപ്പം നിന്നു.

പള്ളിക്കര പഞ്ചായത്തിലെ വോട്ടുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനിന്നിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതി പരിഗണിച്ച ശേഷമാണ് റീ കൗണ്ടിംഗ് നടത്തിയത്. റീ കൗണ്ടിംഗിലും വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ല. വെറും രണ്ട് വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കണ്ടെത്തിയത്. എങ്കിലും ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കുമെന്ന കാര്യം സംശയമില്ലാതെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബേക്കല്‍ ഡിവിഷനില്‍ യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ മാറുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫ് റീ കൗണ്ടിംഗ് ആവശ്യമുയര്‍ത്തിയിരുന്നത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ഫലം പുറത്തെത്തുമ്പോള്‍ എല്‍ഡിഎഫിന് കനത്ത നിരാശയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ അപ്രതീക്ഷിത ഇടങ്ങളില്‍ പോലും ഇടിച്ചുകയറി വമ്പിച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അഭിമാനപോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചടക്കിയതില്‍ ഉള്‍പ്പെടെ ബിജെപിയും ഹാപ്പിയാണ്. കേരളത്തിലെ ശക്തമായ മൂന്നാം മുന്നണിയായി ബിജെപി മാറുമെന്ന് നേതാക്കള്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചുകഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിധമൊരു ഫലമുണ്ടാക്കിയത് ഭരണവിരുദ്ധവികാരമാണോ ശബരിമല ഇടതിന് തിരിച്ചടിയായോ തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും