സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി

മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തലാസീമിയ എന്ന ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. തലാസീമിയ ബാധിച്ചവർക്ക് ഇടയ്ക്കിടെ രക്തം നൽകേണ്ടതുണ്ട്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികളിലാണ് രോഗബാധ ഉണ്ടായത്. നാല് മാസം മുൻപാണ് കുട്ടികൾ ഈ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത് എന്നാണ് വിവരം. എന്നാൽ ഹോസ്പിറ്റലിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവർക്ക് പുറമെ ഒരു മൂന്ന് വയസുകാരിക്കും എച്ച്ഐവി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും പോസിറ്റീവ് ആണ്. ഇവരിൽ നിന്നാകാം കുട്ടിയും പോസിറ്റീവ് ആയത് എന്നാണ് നിഗമനം.


രോഗബാധയുടെ കാര്യം നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഒരു മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുന്നുണ്ട്. നാല് മാസം മുൻപ് പരിശോധന നടത്തിയപ്പോൾ എല്ലാ കുട്ടികളും നെഗറ്റീവ് ആയിരുന്നു. എന്നാൽ വീണ്ടും നടത്തിയ പരിശോധനകളിലാണ് കുട്ടികൾ പോസിറ്റീവ് ആയത്. ആരുടെ പക്കൽ നിന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത് എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല ഉത്തരവിട്ടു. ഇതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും