കണ്ണൂർ ഉളിക്കലിൽ വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയവരെ പോലീസ് പിടികൂടി. നുച്ചിയാട് സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ ഹക്കീം, കോമള എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ പോലീസ് പരിശോധനയ്ക്കെത്തിയത്. പോലീസ് സംഘം വീട് വളഞ്ഞെങ്കിലും പ്രതികൾ ആദ്യം വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. തുടർന്ന് വീടിനകത്ത് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പ്രദേശത്ത് വിൽപ്പന നടത്താനായാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.